അൽവാരോയുടെ തലക്കടിച്ചു, നെയ്മറെ കാത്തിരിക്കുന്നത് വൻ ശിക്ഷാനടപടികൾ

പിഎസ്ജി-മാഴ്സെ മത്സരം വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. നെയ്മറടക്കം സൂപ്പർതാരങ്ങൾ കയ്യാങ്കളിയിൽ ഏർപ്പെട്ടത് ഫുട്ബോൾ ലോകത്തിന് തന്നെ നാണക്കേട് ഉണ്ടാക്കിയിരുന്നു. കൂടാതെ അഞ്ച് ചുവപ്പു കാർഡുകളും പതിനാലു മഞ്ഞ കാർഡുകളുമായിരുന്നു റഫറിക്ക് മത്സരത്തിൽ പുറത്തെടുക്കേണ്ടി വന്നത്.

മാത്രമല്ല മത്സരത്തിൽ മാഴ്സെ താരമായ അൽവാരോ ഗോൺസാലസ് തന്നെ വംശീയമായി അധിക്ഷേപിച്ചുവെന്ന ആരോപണവുമായി നെയ്മർ ജൂനിയർ രംഗത്ത് വന്നിരുന്നു. ഇതിന് മറുപടികളും വാക്ക്പോരാട്ടങ്ങളുമായി വലിയ തോതിലുള്ള വിവാദങ്ങളാണ് ഇന്നലെ ഫുട്ബോൾ ലോകത്ത് അരങ്ങേറിയത്.

അൽവാരോ ഗോൺസാലസിന്റെ തലക്ക് പിന്നിൽ അടിച്ചതിനായിരുന്നു സൂപ്പർ താരമായ നെയ്മർക്ക് റഫറി റെഡ് കാർഡ് കാണിച്ചത്. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചതിന് ശേഷമാണ് നെയ്മർക്ക് റഫറി റെഡ് കാർഡ് കാണിച്ചത്. എന്നാൽ മത്സരശേഷം ഗുരുതരമായ ആരോപണങ്ങളുമായിട്ടാണ് നെയ്മർ രംഗത്തെത്തിയത്.

ഗോൺസാലസ് തന്നെ കുരങ്ങനെന്നു വിളിച്ചുവെന്നും അവന്റെ മുഖത്ത് അടിക്കാൻ കഴിയാത്തതിൽ മാത്രമാണ് ഇപ്പോൾ സങ്കടമെന്നുമായിരുന്നു നെയ്മർ സോഷ്യൽ മീഡിയയിലൂടെ ആരോപിച്ചത്. ഇതിന് ഗോൺസാലസ് മറുപടി നൽകുകയും ചെയ്തിരുന്നു. എന്നാൽ അൽവാരോ വംശീയമായി അധിക്ഷേപിച്ചുവെന്നു തെളിഞ്ഞാൽ ചുരുങ്ങിയത് പത്ത് മത്സരങ്ങളിൽ എങ്കിലും താരത്തിന് വിലക്ക് ലഭിച്ചേക്കും. ഈ വിഷയത്തിൽ വിശദമായ അന്വേഷണം തന്നെ ഫ്രഞ്ച് ഫുട്ബോൾ അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്.

You Might Also Like