സൗദി അരങ്ങേറ്റം ഗംഭീരമാക്കി നെയ്‌മർ, പിടിച്ചുകെട്ടാൻ ആർക്കുമാവില്ല

സൗദി അറേബ്യയിലേക്ക് നേരത്തെ ചേക്കേറിയെങ്കിലും കഴിഞ്ഞ ദിവസമാണ് നെയ്‌മർ ടീമിനായി ആദ്യത്തെ മത്സരം കളിക്കുന്നത്. പരിക്കിന്റെ പ്രശ്‌നങ്ങൾ ഉണ്ടായിരുന്ന താരം അൽ ഹിലാലിൽ എത്തിയതിനു ശേഷം അതിൽ നിന്നും മോചിതനാകാനുള്ള ശ്രമത്തിലായിരുന്നു. ഇപ്പോൾ പരിക്ക് പൂർണമായും മാറിയ താരം കഴിഞ്ഞ ദിവസം അൽ റിയാദിനെതിരെ നടന്ന മത്സരത്തിലാണ് ടീമിനായി കളത്തിലിറങ്ങിയത്.

സൗദി അറേബ്യയിലെ ആദ്യത്തെ മത്സരത്തിൽ തന്നെ തന്റെ മികവ് തെളിയിക്കാൻ നെയ്‌മർക്ക് കഴിഞ്ഞു. പകരക്കാരനായി നെയ്‌മർ കളത്തിലിറങ്ങുന്ന സമയത്ത് രണ്ടു ഗോളുകൾക്ക് മുന്നിലായിരുന്നു അൽ ഹിലാൽ. അതേസമയം അറുപത്തിനാലാം മിനുട്ടിൽ താരം മൈതാനത്ത് ഇറങ്ങിയതിനു ശേഷം നാല് ഗോളുകളാണ് പിറന്നത്. ഇതിൽ രണ്ടു ഗോളുകളിൽ നേരിട്ട് പങ്കാളിയാകാനും നെയ്‌മർക്ക് കഴിഞ്ഞു.

കളത്തിലിറങ്ങിയതിനു പിന്നാലെ പ്രതിരോധനിരയുടെ മുകളിലൂടെ മാൽക്കത്തിന് നെയ്‌മർ ഉയർത്തി നൽകിയ പാസ് അതിമനോഹരമായിരുന്നു. പന്ത് കൺട്രോൾ ചെയ്യുന്നതിനിടെ ഗോളിയുമായി കൂട്ടിയിടിച്ചു വീണ താരത്തിന് അത് ഗോളാക്കാൻ കഴിഞ്ഞില്ലെങ്കിലും സഹതാരം അത് വലയിലെത്തിച്ചു. അതിനു ശേഷം മാൽക്കത്തിന് ഗോളടിക്കാൻ മനോഹരമായൊരു പാസ് നെയ്‌മർ നൽകുകയും ചെയ്‌തു.

മത്സരത്തിൽ ഒരു ഗോളിന് വഴിയൊരുക്കിയതിനു പുറമെ മൂന്നു കീ പാസുകളും രണ്ടു വമ്പൻ അവസരങ്ങളും താരം സൃഷ്‌ടിച്ചു. ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച പ്രതിഭകളിൽ ഒരാളായ നെയ്‌മർക്ക് സൗദി അറേബ്യയിലെ മത്സരങ്ങൾ എളുപ്പമായിരിക്കുമെന്നാണ് കരുതേണ്ടത്. പരിക്കിന്റെ പ്രശ്‌നങ്ങളൊന്നും അലട്ടിയില്ലെങ്കിൽ സൗദിയിലെ സുൽത്താനായി നെയ്‌മർ വാഴുമെന്നതിൽ സംശയമില്ല.

You Might Also Like