റൊണാൾഡോക്ക് മുന്നിൽ അവസാനത്തെ വാതിലുമടഞ്ഞു, യൂറോപ്പിലേക്ക് തിരിച്ചെത്താമെന്നുള്ള പ്രതീക്ഷ ഇനിയില്ല

ഒരിക്കൽക്കൂടി ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കുകയെന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ച് വലിയൊരു മോഹമായിരുന്നു. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ് ടോപ് ഫോറിൽ എത്താൻ കഴിയാതിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറാൻ താരം ശ്രമിച്ചതും അതുകൊണ്ടു തന്നെയാണ്. എന്നാൽ താരത്തിന്റെ നീക്കങ്ങളൊന്നും ഫലം കാണാതെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടരേണ്ടി വന്ന റൊണാൾഡോ ഒടുവിൽ ഒട്ടും ആഗ്രഹിച്ച രീതിയിലല്ല അവിടെ നിന്നും പടിയിറങ്ങിയത്. ക്ലബിനെതിരെ വിമർശനം നടത്തിയതിനെ തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന്റെ കരാർ റദ്ദാക്കുകയായിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് സൗദി ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയ റൊണാൾഡോയെ ഇനി യൂറോപ്യൻ ലീഗിൽ കാണാൻ കഴിയില്ലെന്ന നിരാശയിൽ ആരാധകർ നിൽക്കുന്ന സമയത്താണ് താരത്തിന്റെ കരാറിലുള്ള ക്ലോസിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നത്. സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഉടമകളായ പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയാൽ റൊണാൾഡോ അൽ നസ്ർ വിട്ട് ന്യൂകാസിൽ യുണൈറ്റഡിലെത്തുമെന്നും അവിടെ കളിക്കാൻ കഴിയുമെന്നുമുള്ള ഉടമ്പടി താരം ഒപ്പു വെച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്.

ഈ റിപ്പോർട്ടുകൾ പുറത്തു വന്നതോടെ റൊണാൾഡോ ആരാധകർക്ക് ആശ്വാസമായിരുന്നു. ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന ന്യൂകാസിൽ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുമെന്നും റൊണാൾഡോ പ്രീമിയർ ലീഗിലേക്കും ചാമ്പ്യൻസ് ലീഗിലേക്കും തിരിച്ചു വരുമെന്നും അവർ കരുതി. എന്നാൽ ആരാധകരുടെ പ്രതീക്ഷകൾ മുഴുവൻ ഇല്ലാതാക്കുന്ന പ്രതികരണമാണ് കഴിഞ്ഞ ദിവസം ന്യൂകാസിൽ പരിശീലകൻ എഡ്ഡീ ഹോവേ നടത്തിയത്. റൊണാൾഡോക്ക് പുതിയ ക്ലബിൽ എല്ലാ ആശംസകളും നേർന്ന അദ്ദേഹം താരത്തെ ന്യൂകാസിൽ സ്വന്തമാക്കുമെന്ന ഉടമ്പടി സത്യമല്ലെന്നും വ്യക്തമാക്കി.

യൂറോപ്പിലേക്ക് തിരിച്ചു പോകാനുള്ള സാധ്യതകൾ അൽ നസ്റിലെത്തിയതിനു ശേഷമുള്ള പത്രസമ്മേളനത്തിൽ റൊണാൾഡോ തള്ളിക്കളഞ്ഞിരുന്നു. യൂറോപ്പിൽ താൻ എല്ലാ പ്രധാനപ്പെട്ട ക്ലബുകൾക്കു വേണ്ടിയും കളിച്ചുവെന്നും എല്ലാ റെക്കോർഡുകളും തകർത്തുവെന്നും പറഞ്ഞ താരം ഇനി സൗദി ക്ലബിനൊപ്പം റെക്കോർഡുകൾ തകർക്കുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കി. യൂറോപ്പിലും ചാമ്പ്യൻസ് ലീഗ് ഫുട്ബോളിലും ഇനി റൊണാൾഡോയുടെ സാന്നിധ്യം ഉണ്ടാകില്ലെന്നു തന്നെയാണ് ഇത് വ്യക്തമാക്കുന്നതെങ്കിലും ആരാധകർ താരത്തെ കാത്തിരിക്കും എന്നതിൽ സംശയമില്ല.

You Might Also Like