പ്രീമിയര്‍ലീഗില്‍ നവാസിന്റെ അത്യുഗ്രന്‍ തിരിച്ചുവരവ്, പി.എസ്.ജിയുടെ നഷ്ടം

ലണ്ടന്‍: പി.എസ്.ജിയില്‍ അവസരം ലഭിക്കാതെപോയ ഗോള്‍കീപ്പര്‍ കൈലിയന്‍ നവാസ് ക്ലബ് കൂടുമാറിയ ആദ്യമത്സരത്തില്‍തന്നെ വരവറിയിച്ചു. ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ നോട്ടിംഗ്ഹാം ഫോറസ്റ്റിലെത്തിയ താരം അരങ്ങേറ്റ മത്സരത്തില്‍തന്നെ നാല് സേവുകളുമായി ടീമിന്റെ രക്ഷകനായി.

മത്സരത്തില്‍ ഏകപക്ഷീയമായ ഒരുഗോളിന് ലീഡ്‌സ് യുണൈറ്റഡിനെ കീഴടക്കുകയും ചെയ്തു. 14ാം മിനിറ്റില്‍ ബ്രെണ്ണന്‍ ജോണ്‍സനാണ് മത്സരത്തിലെ ഏകഗോള്‍നേടിയത്. അവസാനം കളിച്ച അഞ്ച് മത്സരങ്ങളിലും തോല്‍വിയറിയാതെ മുന്നേറുന്ന നോട്ടിംഗ്ഹാം പ്രീമിയര്‍ലീഗ് പ്രതീക്ഷകള്‍ സജീവമാക്കി.

ലോണിലാണ് പി.എസ്.ജിയില്‍ നിന്ന് 36കാരന്‍ ഗോള്‍കീപ്പര്‍ ഇംഗ്ലണ്ടിലെത്തിയത്. ഇറ്റാലിയന്‍താരം ഡോണറൂമയാണ് പി.എസ്.ജിയുടെ ഒന്നാംഗോള്‍കീപ്പര്‍. ഇതോടെ അവസരങ്ങള്‍ കുറഞ്ഞ നവാസിനെ ലോണില്‍ വില്‍ക്കാന്‍ ക്ലബ് തയാറാകുകയായിരുന്നു. റയല്‍ മാഡ്രിഡില്‍ നിന്നാണ് കോസ്റ്ററിക്കന്‍ താരം പാരീസിലെത്തിയത്.

ലീഡ്‌സ് യുണൈറ്റഡിന്റെ ഷോട്ടുകളെ കൃത്യമായി തടുത്തിട്ട നവാസ് ആരാധകരുടെ മനംകവര്‍ന്നു. ഉജ്ജ്വലപ്രകടനവുമായി കളിയിലെ താരമായും നവാസ് തെരഞ്ഞെടുക്കപ്പെട്ടു. ജയത്തോടെ 24പോയന്റുമായി 13ാംസ്ഥാനത്തെത്തി. 2014-19 സീസണില്‍ റയലിനായി 104 മത്സരങ്ങളിലാണ് ഇറങ്ങിയത്. ചാമ്പ്യന്‍സ് ലീഗ്, ലാഗീഗയടക്കമുള്ള ട്രോഫികളും നേടി. ബെല്‍ജിയം ഗോള്‍കീപ്പര്‍ കോര്‍ട്ടിയോസിന്റെ വരവോടെ സ്ഥാനം നഷ്ടമായ നവാസ് പിന്നീട് പി.എസ്.ജിയിലേക്ക് ചേക്കേറുകയായിരുന്നു. 71കളിയിലാണ് പി.എസ്.ജിയില്‍ ഇറങ്ങിയത്. ദേശീയടീമില്‍ 110 മത്സരങ്ങളും പൂര്‍ത്തിയാക്കി.

You Might Also Like