ബ്ലാസ്റ്റേഴ്‌സിന് തോൽവിയെക്കുറിച്ച് ചിന്തിക്കാൻ പോലുമാകില്ല, ജയം നേടി ബ്ലാസ്റ്റേഴ്‌സിന് തൊട്ടു പിന്നിലെത്താൻ ബെംഗളൂരു

കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും ഇന്ന് രാത്രി നടക്കാനിരിക്കുന്ന മത്സരത്തിൽ ഏറ്റുമുട്ടുമ്പോൾ അത് രണ്ടു ടീമുകൾക്കും വളരെ നിർണായകമായ മത്സരമാണ്. കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ ഷീൽഡ് സ്വന്തമാക്കാനുള്ള സാധ്യതകൾ നിലനിർത്താൻ വേണ്ടി കളിക്കുമ്പോൾ വിജയത്തോടെ ബ്ലാസ്റ്റേഴ്‌സിന് തൊട്ടു പിന്നിൽ പ്ലേ ഓഫ് സ്പോട്ടിലേക്ക് എത്തുകയെന്നതാണു ബെംഗളൂരുവിന്റെ ലക്‌ഷ്യം.

തുടർച്ചയായ മൂന്നു തോല്വികൾക്ക് ശേഷം എഫ്‌സി ഗോവക്കെതിരെ പിന്നിൽ നിന്നും തിരിച്ചടിച്ച് നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങാൻ പോകുന്നത്. എന്നാൽ ബെംഗളൂരുവിന്റെ മൈതാനത്ത് കളിക്കാനിറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്‌സിന് വലിയൊരു പ്രതിസന്ധിയുണ്ട്. അത് ബെംഗളൂരുവിലെ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ ഇതുവരെ അവർക്ക് ജയിക്കാൻ കഴിഞ്ഞിട്ടില്ലെന്നതാണ്.

ഇന്നത്തെ മത്സരം വിജയിച്ച് ആ നാണക്കേടിന്റെ റെക്കോർഡ് തിരുത്താൻ തന്നെയാകും ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. എന്നാൽ നിലവിൽ ഒൻപതാം സ്ഥാനത്തുള്ള ബെംഗളൂരുവിനു ഇന്ന് വിജയം നേടിക്കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്‌സിന്റെ തൊട്ടു പിന്നിലെത്താം. പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ അവർക്ക് വിജയം ആവശ്യമാണെന്നതിനാൽ കടുത്ത പോരാട്ടം തന്നെ അവർ നടത്താനുള്ള സാധ്യതയുണ്ട്.

അതേസമയം ഇന്നത്തെ മത്സരത്തിൽ തോൽവിയേറ്റു വാങ്ങിയാൽ ബ്ലാസ്‌റ്റേഴ്‌സിനു ഷീൽഡ് മോഹങ്ങൾ പൂർണമായും ഉപേക്ഷിക്കേണ്ടി വരും. പ്ലേ ഓഫിലേക്ക് കയറി കിരീടത്തിനായി പൊരുതാനേ ടീമിന് അവസരമുണ്ടാകൂ. എന്തായാലും കഴിഞ്ഞ മത്സരത്തിൽ നേടിയ മികച്ച വിജയം അവർക്ക് ആത്മവിശ്വാസമാണ്. ബെംഗളൂരുവും കഴിഞ്ഞ മത്സരത്തിൽ വിജയം നേടിയാണ് ബ്ലാസ്റ്റേഴ്‌സിനെതിരെ ഇറങ്ങുന്നത്.

You Might Also Like