മുംബൈ തോല്‍പിച്ചതെല്ലാം ഒന്നാം സ്ഥാനക്കാരെയാണ്, എത്ര തകര്‍ച്ചയിലും തിരിച്ചുവരാന്‍ അവര്‍ക്ക് കഴിവുണ്ട്

ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ഇതുവരെ മുഖം പൂഴ്ത്തി ഇരിക്കുകയായിരുന്നു ലക്ഷകണക്കിന് വരുന്ന മുംബൈ ഇന്ത്യന്‍സ് ആരാധകര്‍. ആദ്യ എട്ട് മത്സരത്തില്‍ തോറ്റമ്പി ഇതുവരെയില്ലാത്ത റെക്കോര്‍ഡിട്ട അവര്‍ ഒരു ടീമെന്ന നിലയില്‍ തകര്‍ന്നെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ വരെ വിലയിരുത്തിയത്.

എന്നാല്‍ എത്ര തകര്‍ച്ചയില്‍ നിന്നും ഉയര്‍ന്ന് വരാന്‍ ഒരു ഫിനിക്‌സ് പക്ഷിയെ പോലെ തങ്ങള്‍ക്ക് കഴിവുണ്ടെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ജയിച്ചാല്‍ തോല്‍വിയുടെ പടുകുഴിയില്‍ നിന്ന് മുംബൈ ഇന്ത്യന്‍സ് തല ഉയര്‍ത്തിയത്.

ആദ്യമത്സരത്തില്‍ പോയന്റ് പട്ടികയില്‍ രണ്ടാമത് നിന്ന രാജസ്ഥാനെ ആണ് തോല്‍പിച്ചതെങ്കില്‍ രണ്ടാം മത്സരത്തില്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുളള സാക്ഷാല്‍ ഗുജറാത്ത് ടൈറ്റന്‍സിനെയാണ് മുംബൈ അട്ടിമറിച്ചത്. ഇതോടെ പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഗുജറാത്തും ഇനിയും കാത്തിരിക്കണം.

മത്സരത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് ആറ് വി്ക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഗുജറാത്തിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് എടുക്കാനെ സാധിച്ചുളളു.

40 പന്തില്‍ 55 റണ്‍സ് നേടിയ വൃദ്ധിമാന്‍ സാഹയും 36 പന്തില്‍ 52 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലും മികച്ച തുടക്കം നല്‍കിയെങ്കിലും അത് മുതലാക്കുവാന്‍ ഗുജറാത്തിനായില്ല. ഇരുവരും ആദ്യ വിക്കറ്റില്‍ 12.1 ഓവറില്‍ 106 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ മധ്യനിര അമ്പേ പരാജയപ്പെട്ടത് ഗുജറാത്തിന് തിരിച്ചടിയായി. അവസാന ഓവറില്‍ 9 റണ്‍സ് മാത്രം വേണമെന്നിരിക്കെ മൂന്ന് റണ്‍സ് മാത്രം വഴങ്ങിയ ഡാനിയേല്‍ സാംസാണ് ആവേശവിജയം മുംബൈ ഇന്ത്യന്‍സിന് സമ്മാനിച്ചത്.

മുരുകന്‍ അശ്വിന്‍ നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. കീറോണ്‍ പൊള്ളാര്‍ഡ് ഒരു വിക്കറ്റും മുംബൈ ഇന്ത്യന്‍സിനായി സ്വന്തമാക്കി. തെവാത്തിയയും ഹാര്‍ദ്ദിക്ക് പാണ്ഡ്യയും റണ്ണൗട്ടായത് ഗുജറാത്തിന് തിരിച്ചടിയായി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് 28 പന്തില്‍ 43 റണ്‍സ് നേടിയ രോഹിത് ശര്‍മ്മ, 29 പന്തില്‍ 45 റണ്‍സ് നേടിയ ഇഷാന്‍ കിഷന്‍, 21 പന്തില്‍ 44 റണ്‍സ് നേടി പുറത്താകാതെ നിന്ന ടിം ഡേവിഡ് എന്നിവരുടെ മികവിലാണ് മികച്ച സ്‌കോര്‍ നേടിയത്.

ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി റാഷിദ് ഖാന്‍ നാലോവറില്‍ 24 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും അല്‍സാരി ജോസഫ്, ലോക്കി ഫെര്‍ഗൂസണ്‍, പ്രദീപ് സാങ്വാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

You Might Also Like