ഐപിഎല്‍ കളിക്കാനൊരുങ്ങി ആമിര്‍, ഉറ്റുനോക്കി ക്രിക്കറ്റ് ലോകം

പാകിസ്ഥാന്‍ സൂപ്പര്‍ താരം മുഹമ്മദ് ആമിര്‍ ഐ.പി.എല്‍ കളിക്കാന്‍ ഒരുങ്ങുന്നു. പക് ദേശീയ ടീമില്‍ നിന്ന് വിരമിച്ച ആമിര്‍ നിലവില്‍ കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിലാണ് സ്ഥിര താമസമാക്കിയിരിക്കുന്നത്. ഇംഗ്ലീഷ് പൗരത്വം ലഭിക്കുന്നതിനായാണ് ഇപ്പോള്‍ ആമിര്‍ ശ്രമം നടത്തുന്നത്. അങ്ങനെയെങ്കില്‍ അടുത്ത സീസണ്‍ മുതല്‍ ഐപിഎല്ലില്‍ ആമിറിന് പന്തെറിയാനാകും.

ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചതിന് ശേഷം മുന്‍ പാക് താരം അസര്‍ മഹ്മൂദ് ഐ.പി.എല്ലില്‍ കളിക്കാനെത്തിയിരുന്നു. ഇത് പിന്തുടര്‍ന്നാണ് ആമിറും ഐ.പി.എല്ലില്‍ കളിക്കാന്‍ ഒരുങ്ങുന്നത്.

ഐപിഎല്‍ ചരിത്രത്തില്‍ ഒരു തവണ മാത്രമാണ് പാക് താരങ്ങള്‍ ഐപിഎല്ലിന്റെ ഭാഗമായത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങളുടെ പേരില്‍ പിന്നീട് പാക് താരങ്ങളെ ഐ.പി.എല്ലില്‍ കളിപ്പിക്കുന്നില്ല.

ഏഴു വര്‍ഷം കൂടി താന്‍ ക്രിക്കറ്റ് കളിക്കാന്‍ തീരുമാനിച്ചതായി ആമിര്‍ കഴിഞ്ഞ ദിവസംവെളിപ്പെടുത്തിയിരുന്നു.

‘ഞാന്‍ ക്രിക്കറ്റ് ആസ്വദിക്കുന്നുണ്ട്. ആറ് മുതല്‍ ഏഴ് വര്‍ഷം വരെ ഇനിയും ക്രിക്കറ്റ് കളിക്കാനാണ് ആലോചിക്കുന്നത്. എന്റെ മക്കള്‍ ഇംഗ്ലണ്ടിലാണ് വളരുന്നത്, അവരുടെ വിദ്യാഭ്യാസവും അവിടെതന്നെ. ഞാന്‍ ഇനിയും ഇവിടെ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. ഇപ്പോള്‍ മറ്റു സാദ്ധ്യതകളെ കുറിച്ചും അവസരങ്ങളെക്കുറിച്ചും ഞാന്‍ ചിന്തിച്ചിട്ടില്ല’ ആമിര്‍ പറഞ്ഞു.

2009ല്‍ 17-ാം വയസിലാണ് ആമിര്‍ പാക് ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇടയ്ക്ക് ഒത്തുകളി വിവാദത്തില്‍പ്പെട്ട് അഞ്ചു വര്‍ഷത്തോളം വിലക്ക് ലഭിക്കുകയും ചെയ്തു. പാകിസ്ഥാനായി 61 ഏകദിനങ്ങളില്‍നിന്ന് 81 വിക്കറ്റും 50 ടി20 മത്സരങ്ങളില്‍ നിന്ന് 59 വിക്കറ്റും 36 ടെസ്റ്റുകളില്‍ നിന്ന് 119 വിക്കറ്റുകളും ആമിര്‍ നേടിയിട്ടുണ്ട്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് 28ാം വയസില്‍ ആമിര്‍ കളി മതിയാക്കുകയായിരുന്നു.

You Might Also Like