ആര്‍സിബിയ്ക്കായി ഒടുവില്‍ അസറുദ്ദീന്‍ അരങ്ങേറുന്നു, സന്തോഷ വാര്‍ത്ത

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമിനായി മലയാളി താരം മുഹമ്മദ് അസറുദ്ദീന്‍ അരങ്ങേറിയേക്കും എന്ന് സൂചന. ആര്‍സിബി തന്നെയാണ് ഇത്തരമൊരു സൂചന പുറത്ത് വിട്ടിരിക്കുന്നത്. അസ്ഹറുദ്ദീന്റെ വിക്കറ്റിന് പിന്നില്‍ നെറ്റ്സില്‍ പരിശീലനം നടത്തുന്ന ഫോട്ടോയാണ് ആര്‍സിബി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. .

വെള്ളിയാഴ്ച ചെന്നൈ സൂപ്പര്‍ കിങ്സിനെയാണ് ബാംഗ്ലൂര്‍ നേരിടുന്നത്. യുഎഇയിലെ ആദ്യ മത്സരത്തില്‍ കെ എസ് ഭരത് ആണ് ബാംഗ്ലൂരിന്റെ വിക്കറ്റിന്റെ പിന്നിലേക്ക് എത്തിയത്. എന്നാല്‍ ഭരത്തിന് ബാറ്റിങ്ങില്‍ തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല.

ഡിവില്ലിയേഴ്സ് വിക്കറ്റിന് പിന്നിലേക്ക് വരില്ലെന്ന് ആര്‍സിബി ഡയറക്ടര്‍ പറഞ്ഞിരുന്നു. ഇതിനാല്‍ അടുത്ത കളിയില്‍ അസ്ഹറുദ്ദീന് അവസരം നല്‍കിയേക്കും എന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകം. കൊല്‍ക്കത്തക്കെതിരെ ആദ്യ കളിയില്‍ ബാംഗ്ലൂര്‍ തകര്‍ന്നടിഞ്ഞിരുന്നു.

19 ഓവറില്‍ 92 റണ്‍സ് മാത്രമാണ് ബാംഗ്ലൂരിന് കണ്ടെത്താന്‍ കഴിഞ്ഞത്. 22 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കലായിരുന്നു ടോപ് സ്‌കോറര്‍. മലയാളി താരം സച്ചിന്‍ ബേബിയും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഏഴ് റണ്‍സ് മാത്രമാണ് സച്ചിന്‍ ബേബിക്ക് നേടാനായത്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ തകര്‍പ്പന്‍ പ്രകടനമാണ് കാസര്‍കോസ് സ്വദേശിയായ അസറുദ്ദീന് ടീം ഇന്ത്യയിലേക്ക് പ്രവേശനം ലഭിച്ചത്. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് അസറുദ്ദീനെ ബംഗളൂരു സ്വന്തമാക്കിയത്.

You Might Also Like