എല്ലാവരുടെയും സ്വപ്‌നമാണ് ബ്ലാസ്റ്റേഴ്‌സ്, ഏഷ്യയിലെ ഏറ്റവും മികച്ച ആരാധകരെന്ന് മിലോസ് ഡ്രിഞ്ചിച്ച്

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെയും ആരാധകരെയും പ്രശംസിച്ച് ടീമിന്റെ പ്രതിരോധതാരമായ മിലോസ് ഡ്രിഞ്ചിച്ച്. കഴിഞ്ഞ ദിവസം ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്. ടീമിനൊപ്പം തന്നെ തുടർന്ന് ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരമായി മാറാനുള്ള ആഗ്രഹവും മോണ്ടിനെഗ്രോ താരം പ്രകടിപ്പിച്ചു.

ഇന്ത്യൻ സൂപ്പർ ലീഗിലെ ഒരു സ്വപ്‌നക്ലബാണ് കേരള ബ്ലാസ്റ്റേഴ്‌സ് എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ലെന്നാണ് അദ്ദേഹം അഭിമുഖത്തിൽ സംസാരിക്കുമ്പോൾ പറഞ്ഞത്. ഇന്ത്യയിലെ മാത്രമല്ല, ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ഫാൻബേസുകളിൽ ഒന്നായ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം കളിക്കാൻ കഴിയുന്നത് അവിസ്‌മരണീയമായ അനുഭവമാണെന്നും താരം പറഞ്ഞു.

ബ്ലാസ്റ്റേഴ്‌സിനൊപ്പം ചിലവഴിക്കുന്ന ഓരോ സമയവും താൻ ഒരുപാട് ആസ്വദിക്കുന്നുണ്ടെന്നും ടീമിന്റെ ലീഡറായി അവരെ നയിക്കാൻ താൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ടെന്നും മീലൊസ് പറഞ്ഞു. ബ്ലാസ്റ്റേഴ്‌സ് ക്ലബിലും ടീമിലും ഒരു പ്രഭാവം സൃഷ്‌ടിക്കാനുള്ള തന്റെ ആഗ്രഹവും മോണ്ടിനെഗ്രോ താരം പ്രകടിപ്പിച്ചു. ക്ലബിനൊപ്പം തുടരാനുള്ള മിലോസിന്റെ ആഗ്രഹം തന്നെയാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

ഈ സീസണ് മുന്നോടിയായാണ് ബ്ലാസ്റ്റേഴ്‌സ് മിലോസിനെ സ്വന്തമാക്കുന്നത്. പ്രതിരോധനിരയിൽ മികച്ച പ്രകടനം നടത്താൻ താരത്തിന് കഴിയുന്നുണ്ടെങ്കിലും ടീമിനെ മൊത്തത്തിൽ ബാധിച്ച പരിക്കിന്റെ ബുദ്ധിമുട്ടുകൾ പലപ്പോഴും തിരിച്ചടി നൽകാറുണ്ട്. ഒരു വർഷത്തെ കരാറിൽ ടീമിലെത്തിച്ച താരത്തിന്റെ കരാർ പുതുക്കാനുള്ള നീക്കങ്ങൾ ബ്ലാസ്റ്റേഴ്‌സ് നേതൃത്വം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

You Might Also Like