അർജന്റീന ആരാധകർക്ക് ആശ്വാസവാർത്തയുമായി കോൺമെബോൾ,ലയണൽ മെസ്സിയുടെ വിലക്ക് നീക്കി

അർജന്റീന ആരാധകർക്ക് പ്രതീക്ഷയേകി സൂപ്പർ താരം ലയണൽ മെസിയുടെ രണ്ടു മത്സരങ്ങളിലേക്കുള്ള വിലക്ക് ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫെഡറേഷനായ കോൺമെബോൾ പിൻവലിച്ചു. ഇന്നലെയാണ് മെസിയുടെ വിലക്ക് പിൻവലിച്ചതായി കോൺമെബോൾ അറിയിച്ചത്. കോപ്പ അമേരിക്കയിൽ ചിലിക്കെതിരെ താരം റെഡ് കാർഡ് കണ്ടതിനെത്തുടർന്ന് തുടർന്ന് കിട്ടിയ വിലക്കാണ് നീക്കിയത്.

അർജന്റീന ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ്‌ ക്ലോഡിയോ ടാപ്പിയ കോൺമബോൾ അധികൃതരുമായി നടന്ന ചർച്ചയിൽ വിഷയത്തെ പറ്റി സംസാരിക്കുകയായിരുന്നു. താരത്തിന്റെ വിലക്കിന്റെ കാലാവധി കഴിഞ്ഞെന്നു ചൂണ്ടിക്കാട്ടിയാണ് ടാപ്പിയ മെസിക്കു വേണ്ടി മുന്നോട്ടു വന്നത്. അതിനെ പരിഗണിച്ചു കോൺമെബോൾ മെസിയുടെ സസ്‌പെൻഷൻ പിൻവലിക്കുകയായിരുന്നു.

ഇതോടെ ഒക്ടോബറിൽ നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്ക് മെസിക്ക് കളത്തിലിറങ്ങാനാവും. സെപ്റ്റംബർ ഇരുപതിനാണ് പരിശീലകൻ ലയണൽ സ്കലോനി അർജന്റീന ടീമിനെ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മികച്ചപ്രകടനം കാഴ്ച്ച വെക്കുന്ന ആഴ്‌സണൽ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസും ടീമിലിടം നേടുമെന്നാണ് ആരാധകർ പ്രതീക്ഷിക്കപ്പെടുന്നത്.

പരിക്ക് മൂലം നിക്കോളാസ് ഗോൺസാലസിന് ടീമിൽ ഇടം ലഭിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബർ എട്ടിന് ബൊക്ക ജൂനിയർസിന്റെ സ്റ്റേഡിയമായ ലാ ബോംബോനേരയിൽ വെച്ച് ഇക്വഡോറിനെതിരെയും ഒക്ടോബർ പതിമൂന്നിന് ലാ പാസിൽ വെച്ച് ബൊളീവിയയുമായാണ് അർജന്റീന കൊമ്പുകോർക്കുന്നത് . വിലക്കു നീങ്ങിയതോടെ സൂപ്പർ താരം ലയണൽ മെസിയായിരിക്കും ടീമിനെ നയിക്കുക.

You Might Also Like