മെസി-സുവാരസ് സഖ്യം രക്ഷകരായി, തോൽ‌വിയിൽ നിന്നും ഗംഭീര തിരിച്ചുവരവ് നടത്തി ഇന്റർ മിയാമി

കോൺകാഫ് ചാമ്പ്യൻസ് കപ്പ് ടൂർണമെന്റിന്റെ പ്രീ ക്വാർട്ടർ മത്സരം കുറച്ച് സമയം മുൻപ് അവസാനിച്ചപ്പോൾ നാഷ്‌വിൽ എഫ്‌സിക്കെതിരെ ഗംഭീര തിരിച്ചുവരവ് നടത്തി ലയണൽ മെസിയുടെ ഇന്റർ മിയാമി. മത്സരം നാല്പത്തിയാറു മിനുട്ട് പിന്നിട്ടപ്പോൾ തന്നെ രണ്ടു ഗോളുകൾക്ക് പിന്നിലായിരുന്ന ഇന്റർ മിയാമി ഇഞ്ചുറി ടൈമിലാണ് തോൽ‌വിയിൽ നിന്നും രക്ഷപ്പെട്ടു സമനില നേടിയെടുത്തത്.

സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ നാഷ്‌വില്ലിനു മുന്നിലെത്താൻ നാല് മിനുട്ട് മാത്രം മതിയായിരുന്നു. ജേക്കബ് ഷാഫൽബർഗാണ് ടീമിനായി ഗോൾ നേടിയത്. അതിനു ശേഷം രണ്ടാം പകുതിയുടെ ആദ്യത്തെ മിനുട്ടിൽ തന്നെ താരം ടീമിനായി രണ്ടാമത്തെ ഗോളും നേടി. ഇതോടെ ഈ സീസൺ ആരംഭിച്ചതിനു ശേഷം ഇന്റർ മിയാമി ആദ്യത്തെ തോൽവി വഴങ്ങുമെന്നാണ് ഏവരും കരുതിയത്.

എന്നാൽ തോറ്റു കൊടുക്കാൻ ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച കൂട്ടുകെട്ട് തയ്യാറല്ലായിരുന്നു. നാഷ്‌വില്ലിന്റെ രണ്ടാമത്തെ ഗോൾ പിറന്ന് ആറു മിനുട്ടിനു ശേഷം സുവാരസിന്റെ പാസിൽ നിന്നും മെസിയുടെ ബോക്‌സിന് പുറത്തു നിന്നുമുള്ള ഷോട്ട് വല കുലുക്കി. അതിനു ശേഷം ഇന്റർ മിയാമി നടത്തിയ ശ്രമങ്ങൾ ഇഞ്ചുറി ടൈമിലെ സുവാരസിന്റെ ഗോളിലൂടെ ലക്‌ഷ്യം കണ്ടു.

രണ്ടു പാദങ്ങളിലായി നടക്കുന്ന ചാമ്പ്യൻസ് കപ്പിൽ സ്വന്തം മൈതാനത്തു നടക്കുന്ന മത്സരത്തിൽ വിജയം നേടിയാൽ ഇന്റർ മിയാമിക്ക് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ കഴിയും. ലയണൽ മെസി, സുവാരസ് സഖ്യം തന്നെയാണ് അവരുടെ പ്രതീക്ഷ. ലയണൽ മെസി കഴിഞ്ഞ നാല് മത്സരങ്ങളിലും ടീമിന് വേണ്ടി ഗോളുകളിൽ പങ്കാളിയായിരുന്നു. സുവാരസും രണ്ടു മത്സരങ്ങളായി ഗോളുകൾ കണ്ടെത്തുന്നുണ്ട്.

You Might Also Like