ഇഞ്ചുറി ടൈമിൽ ലയണൽ മെസി രക്ഷകനായി, എതിരാളികളുടെ മൈതാനത്ത് പരാജയമൊഴിവാക്കി ഇന്റർ മിയാമി

ഇഞ്ചുറി ടൈമിൽ ലയണൽ മെസി രക്ഷകനായി എത്തിയപ്പോൾ അമേരിക്കൻ സോക്കർ ലീഗിൽ പരാജയം ഒഴിവാക്കി ഇന്റർ മിയാമി. ലോസ് ഏഞ്ചൽസ് ഗ്യാലക്‌സിയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ തൊണ്ണൂറാം മിനുട്ട് വരെ ഒരു ഗോളിന് പിന്നിൽ നിന്നതിനു ശേഷമാണ് ഇന്റർ മിയാമി സമനില ഗോൾ നേടിയത്. മെസിയും ആൽബയും തമ്മിലുള്ള ഒത്തിണക്കമാണ് ഗോളിലേക്ക് വഴി തുറന്നത്.

ഇന്റർ മിയാമിക്കെതിരെ തകർപ്പൻ പ്രകടനമാണ് ലോസ് ഏഞ്ചൽസ് ഗ്യാലക്‌സി നടത്തിയത്. തുടക്കത്തിൽ തന്നെ ഒരു പെനാൽറ്റി അവർക്ക് ലഭിച്ചെങ്കിലും മുൻ ബാഴ്‌സലോണ താരം റിക്വി പുയ്‌ജ് അത് നഷ്‌ടമാക്കി. താരത്തിന്റെ കിക്ക് ഗോൾകീപ്പർ രക്ഷപ്പെടുത്തുകയായിരുന്നു. എന്നാൽ എഴുപത്തിയഞ്ചാം മിനുട്ടിൽ ലോസ് ഏഞ്ചൽസ് ഗ്യാലക്‌സി മുന്നിലെത്തി.

അതിനു ശേഷം ഇന്റർ മിയാമി ആക്രമണങ്ങൾ ശക്തമാക്കിയതിനെ തുടർന്നാണ് ഇഞ്ചുറി ടൈമിൽ ലയണൽ മെസിയുടെ ഗോൾ വരുന്നത്. മെസിയും ആൽബയും ചേർന്നുള്ള വൺ ടു മുന്നേറ്റത്തിന് ശേഷം ബോക്‌സിലേക്ക് ആൽബ നൽകിയ പാസ് ഒരു സ്ലെഡ്‌ജിങ്‌ ഫിനിഷിംഗിലൂടെ മെസി വലയിലേക്ക് എത്തിക്കുകയായിരുന്നു. രണ്ടു താരങ്ങളും തമ്മിലുള്ള ഒത്തിണക്കം വ്യക്തമാക്കിയ ഗോളായിരുന്നു അത്.

ഇന്റർ മിയാമി ഈ സീസണിൽ രണ്ടാമത്തെ മത്സരമാണ് കളിക്കുന്നത്. രണ്ടു മത്സരങ്ങളിലും ലയണൽ മെസി ഗോളിൽ പങ്കാളിയായിരുന്നു. പ്രീ സീസണിൽ മോശം പ്രകടനമാണ് ഇന്റർ മിയാമി നടത്തിയതെങ്കിലും സീസൺ ആരംഭിച്ചപ്പോൾ അതിൽ മാറ്റമുണ്ടായിട്ടുണ്ട്. ആദ്യത്തെ മത്സരത്തിൽ സ്വന്തം മൈതാനത്ത് വിജയിച്ച ടീം എതിരാളികളുടെ മൈതാനത്ത് നേടിയ സമനില അത് തെളിയിക്കുന്നു.

You Might Also Like