മെസിയല്ലാതെ മറ്റാര്, എട്ടാമത്തെ ബാലൺ ഡി ഓർ അർജന്റീന താരം തൂക്കി

ലയണൽ മെസിയെ സംബന്ധിച്ച് തന്റെ ഫുട്ബോൾ കരിയറിന് പൂർണത നൽകിയ വർഷമായിരുന്നു 2022. ക്ലബ് തലത്തിൽ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ താരം ദേശീയ ടീമിന് വേണ്ടിയും എല്ലാ കിരീടങ്ങളും സ്വന്തമാക്കിയ വർഷം. 2021ൽ കോപ്പ അമേരിക്ക സ്വന്തമാക്കിയ ലയണൽ മെസി 2022ൽ ഇറ്റലിയെ തോൽപ്പിച്ച് ഫൈനലിസിമ കിരീടവും അതിനു ശേഷം ഖത്തറിൽ വെച്ച് നടന്ന ലോകകപ്പ് കിരീടവും സ്വന്തമാക്കിയാണ് കരിയർ എല്ലാ അർത്ഥത്തിലും പൂർണതയിൽ എത്തിച്ചത്.

ഖത്തർ ലോകകപ്പിൽ ഐതിഹാസികമായ രീതിയിലാണ് അർജന്റീന കിരീടം സ്വന്തമാക്കിയത്. ലയണൽ മെസി തന്നെ മുന്നിൽ നിന്ന് നയിച്ചപ്പോൾ ആദ്യത്തെ മത്സരത്തിൽ തോൽവി വഴങ്ങി സമ്മർദ്ദത്തിലായ അർജന്റീന പിന്നീടുള്ള എല്ലാ മത്സരങ്ങളിലും വിജയം സ്വന്തമാക്കി കിരീടം നേടി. ടൂർണമെന്റിലെ സെക്കൻഡ് ടോപ് സ്കോററായ മെസിയുടെ മാന്ത്രികത പലപ്പോഴും കണ്ട ടൂർണമെന്റിൽ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും അർജന്റീന താരമായിരുന്നു.

2022 ഖത്തർ ലോകകപ്പ് നേടിയ ലയണൽ മെസി അതിനു പിന്നാലെ ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. ഇപ്പോൾ ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരവും ലയണൽ മെസി തന്നെ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രമുഖ ട്രാൻസ്‌ഫർ എക്സ്പെർട്ടായ ഫാബ്രിസിയോ റൊമാനോയാണ് മെസി തന്നെ ബാലൺ ഡി ഓർ നേടിയെന്ന സൂചനകളാണ് ലഭിക്കുന്നതെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

ഇത്തവണയും ബാലൺ ഡി ഓർ സ്വന്തമാക്കിയാൽ മെസിയുടെ പേരിൽ എട്ടാമത്തെ ബാലൺ ഡി ഓർ നേട്ടമാണ് കുറിക്കപ്പെടാൻ പോകുന്നത്. കോപ്പ അമേരിക്ക നേടി ഏഴാമത്തെ ബാലൺ ഡി ഓർ നേടി സ്വന്തമാക്കിയപ്പോൾ തന്നെ ആ റെക്കോർഡ് ആരും മറികടക്കാൻ സാധ്യതയില്ലെന്ന് പലരും വിലയിരുത്തിയിരുന്നു. ഇപ്പോൾ അതിലേക്ക് മറ്റൊരു നേട്ടം കൂടി ചേർത്ത് വെച്ചിരിക്കുകയാണ് അർജന്റീന നായകൻ. അതേസമയം ബാലൺ ഡി ഓർ ഔദ്യോഗികപ്രഖ്യാപനം നടക്കുക തിങ്കളാഴ്ചയാണ്.

You Might Also Like