മെസിയല്ലാതെ മറ്റാര്, ഫ്രാൻസിന്റെ മണ്ണിൽ വീണ്ടും അർജന്റീനയുടെ ആധിപത്യം

ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ ഫ്രാൻസ് ഉയർത്തിയ വെല്ലുവിളിയെ ഐതിഹാസികമായി മറികടന്നാണ് അർജന്റീന കിരീടം സ്വന്തമാക്കിയത്. അതേ ഫ്രാൻസിൽ വെച്ചു നടന്ന ബാലൺ ഡി ഓർ പുരസ്‌കാരം നൽകുന്ന ചടങ്ങിലും അർജന്റീന ആധിപത്യം പുലർത്തി. കഴിഞ്ഞ ദിവസം പാരീസിൽ വെച്ചു നടന്ന ചടങ്ങിൽ ബാലൺ ഡി ഓർ അടക്കമുള്ള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ രണ്ട് അവാർഡുകളാണ് അർജന്റീന താരങ്ങൾ സ്വന്തമാക്കിയത്.

ലയണൽ മെസി മികച്ച പുരുഷതാരത്തിനുള്ള ബാലൺ ഡി ഓർ സ്വന്തമാക്കിയപ്പോൾ മികച്ച ഗോൾകീപ്പർക്കുള്ള യാഷിൻ ട്രോഫി എമിലിയാനോ മാർട്ടിനസും സ്വന്തമാക്കി. ഖത്തർ ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിക്കാൻ നിർണായക പങ്കു വഹിച്ച താരങ്ങളാണ് ഇരുവരും. മെസി ടൂർണമെന്റിലെ രണ്ടാമത്തെ മികച്ച ടോപ് സ്കോററും മികച്ച താരവുമായപ്പോൾ ലോകകപ്പിൽ ഗോൾഡൻ ഗ്ലോവ് സ്വന്തമാക്കിയത് എമിലിയാനോ മാർട്ടിനസായിരുന്നു.

ബാലൺ ഡി ഓർ പുരസ്‌കാരം നേടിയതിനു ശേഷം അത് അർജന്റൈൻ ഇതിഹാസമായ ഡീഗോ മറഡോണക്കാണ്‌ ലയണൽ മെസി സമർപ്പിച്ചത്. അർജന്റീനയുടെ ലോകകപ്പ് വിജയം ഈ നേട്ടം സ്വന്തമാക്കാൻ നിർണായക പങ്കു വഹിച്ചുവെന്നു പറഞ്ഞ ലയണൽ മെസി പുരസ്‌കാരം അർജന്റീന ടീമിലെ താരങ്ങൾക്കും കോച്ചിങ് സ്റ്റാഫിനും അവകാശപ്പെട്ടതാണെന്നും പറഞ്ഞു. മറഡോണക്ക് ജന്മദിനാശംസകൾ നേർന്ന ലയണൽ മെസി ബാലൺ ഡി ഓർ താരത്തിനും അവകാശപ്പെട്ടതാണെന്നും വ്യക്തമാക്കി.

മെസി ബാലൺ ഡി ഓർ നേടിയപ്പോൾ വനിതകളിൽ സ്പെയിനൊപ്പം ലോകകപ്പ് നേടിയ ബാഴ്‌സലോണ താരമായ ഐറ്റാന ബോൺമാറ്റിയാണ് അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച ഗോൾകീപ്പർക്കുള്ള യാഷിൻ ട്രോഫി എമിലിയാനോ മാർട്ടിനസ് സ്വന്തമാക്കിയപ്പോൾ മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി ജൂഡ് ബെല്ലിങ്‌ഹാമും നേടി. മികച്ച ഗോൾസ്കോറർക്കുള്ള അവാർഡ് ഹാലാൻഡ് സ്വന്തമാക്കിയപ്പോൾ ക്ലബ് ഓഫ് ദി ഇയർ ആയി മാഞ്ചസ്റ്റർ സിറ്റിയും ബാഴ്‌സലോണ വനിതാ ടീമും തിരഞ്ഞെടുക്കപ്പെട്ടു.

You Might Also Like