അടുത്ത സീസണിൽ അജയ്യരാകാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്, ലക്‌ഷ്യം ഹാരി കേൻ തന്നെ

എറിക് ടെൻ ഹാഗ് പരിശീലകനായി എത്തിയതിനു ശേഷം പുതിയൊരു കുതിപ്പിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ പുതിയ താരങ്ങളെ എത്തിച്ച് ടീമിനെ കെട്ടിപ്പടുത്ത അദ്ദേഹം ഒരു കിരീടനേട്ടത്തിലേക്ക് ടീമിനെ നയിച്ചു. പ്രീമിയർ ലീഗ് ടോപ് ഫോർ ഉറപ്പിക്കാൻ സാധ്യതയുള്ള ടീമിന് എഫ്എ കപ്പ് ഫൈനലിലെത്താൻ കഴിഞ്ഞതിനാൽ അവിടെയും കിരീടം നേടാൻ കഴിയുമെന്ന പ്രതീക്ഷയുമുണ്ട്.

ഈ സീസണിൽ ടോപ് ഫോറെങ്കിൽ അടുത്ത സീസണിൽ പ്രീമിയർ ലീഗ് അടക്കമുള്ള കിരീടങ്ങൾ തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യമിടുന്നത്. അതിനു വേണ്ടി ടീമിനെ മെച്ചപ്പെടുത്താനുള്ള പദ്ധതികൾ ഇപ്പോൾ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആവിഷ്ക്കരിച്ചു കൊണ്ടിരിക്കുകയാണ്. ടീമിലേക്ക് പ്രധാനമായും വേണ്ടത് ഒരു സ്‌ട്രൈക്കറെ ആയതിനാൽ ആ പൊസിഷനിൽ താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ പറയുന്നു.

കഴിഞ്ഞ നിരവധി സീസണുകളായി പ്രീമിയർ ലീഗിൽ മികച്ച പ്രകടനം നടത്തുന്ന സ്‌ട്രൈക്കറായ ഹാരി കെനിനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വരുന്ന സമ്മറിൽ സ്വന്തമാക്കാൻ തയ്യാറെടുക്കുന്നത്. പരിശീലകനായ എറിക് ടെൻ ഹാഗ് ഇക്കാര്യത്തിൽ തീരുമാനം എടുത്തു കഴിഞ്ഞുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ടോട്ടനവുമായി ഒരു വർഷത്തെ കരാർ മാത്രം ബാക്കിയുള്ളത് മുതലെടുത്താണ് ഹാരി കേനിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുന്നത്.

റൊണാൾഡോ പോയതിനു ശേഷം സ്‌ട്രൈക്കറെന്ന നിലയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ജനുവരിയിൽ സ്വന്തമാക്കിയത് ഡച്ച് താരം വേഗസ്റ്റിനെയാണ്. എന്നാൽ ലോണിൽ ടീമിലെത്തിയ താരം ആകെ രണ്ടു ഗോളുകൾ മാത്രമാണ് ടീമിനായി നേടിയിട്ടുള്ളത്. ഇതിനിടയിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ഒരു സ്‌ട്രൈക്കറുടെ അഭാവം ടീമിനുണ്ടെന്ന് എറിക് ടെൻ ഹാഗ് തന്നെ വ്യക്തമാക്കിയിരുന്നു.

പ്രീമിയർ ലീഗിൽ വളരെയധികം പരിചയസമ്പത്തുള്ളതും ഒരു വർഷം മാത്രം കരാർ ബാക്കിയുള്ളതുമാണ് ഹാരി കേനിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പ്രേരിപ്പിക്കുന്നത്. അടുത്തിടെ മാഞ്ചസ്റ്റർ യുണൈറ്റഡും ടോട്ടനവും തമ്മിൽ നടന്ന മത്സരത്തിൽ യുണൈറ്റഡ് ആരാധകർ ഇംഗ്ലണ്ട് നായകനെ സ്വാഗതം ചെയ്യുകയുമുണ്ടായി. ഹാരി കേൻ വന്നില്ലെങ്കിൽ ഒസിംഹൻ, ഗോൻകാലോ റാമോസ് എന്നിവരെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യമിടുന്നത്.

You Might Also Like