“അവരാ ക്ലബിൽ ചേരാൻ പാടില്ലായിരുന്നു”- ബ്രസീലിയൻ സഹതാരങ്ങളെ കുറിച്ച് ഫാബിന്യോ പറയുന്നു

പ്രീമിയർ ലീഗ് ക്ലബുകളായ ലിവർപൂളും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള വൈരി വളരെ പ്രശസ്‌തമാണ്‌. ഒരേ നഗരത്തിൽ കളിക്കുന്ന ക്ലബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള വൈരിയെക്കാൾ മുകളിലാണ് ഈ രണ്ടു ക്ലബുകൾ തമ്മിൽ നിലനിൽക്കുന്ന ശത്രുത. അതിനെ ഒന്നുകൂടി തെളിയിക്കുന്ന പ്രസ്താവനയാണ് കഴിഞ്ഞ ദിവസം ബ്രസീലിയൻ താരമായ ഫാബിന്യോ നടത്തിയത്. തന്റെ ബ്രസീലിയൻ സഹതാരങ്ങൾ ഒരിക്കലും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറാൻ പാടില്ലായിരുന്നുവെന്നാണ് ഫാബിന്യോ പറയുന്നത്.

കസമീറോ, ഫ്രെഡ്, ആന്റണി എന്നീ മൂന്നു ബ്രസീലിയൻ താരങ്ങളാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ കളിക്കുന്നത്. ഫ്രെഡ് ഏതാനും വർഷങ്ങൾക്ക് മുൻപ് ഷാക്തർ ക്ലബിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയപ്പോൾ റയൽ മാഡ്രിഡ് താരമായിരുന്ന കസമീറോയും അയാക്‌സ് താരമായിരുന്ന ആന്റണിയും ഈ സമ്മറിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വമ്പൻ തുകയുടെ ട്രാൻസ്‌ഫറിൽ ചേക്കേറിയത്. മുൻ റയൽ മാഡ്രിഡ് താരം കൂടിയായിരുന്ന ഫാബിന്യോ കസമീറോയെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

“ഞാൻ പോകുന്ന സമയത്ത് കസമീറോ റയൽ മാഡ്രിഡിൽ ചുവടുറപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഞാൻ അഭിനന്ദനങ്ങൾ എല്ലായിപ്പോഴും അയക്കാറുണ്ട്. ഞങ്ങൾ ഒരേ പൊസിഷനിൽ കളിക്കാൻ പൊരുതുന്ന താരങ്ങളാണെങ്കിലും നല്ല ബന്ധമാണ് കാത്തു സൂക്ഷിക്കുന്നത്. പ്രീമിയർ ലീഗിൽ കളിക്കണമെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. പക്ഷെ ഇംഗ്ലണ്ടിലെ തെറ്റായ സ്ഥലത്തേക്കാണ് താരം പോയതെന്നത് നിരാശയായി.”

“കസമീറോ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനെ കൂടുതലൊന്നും മെച്ചപ്പെടുത്തരുതേ എന്നാണു ഞാൻ കരുതുന്നത്. കസമീറോ, ഫ്രെഡ്, ആന്റണി, നിരവധി ബ്രസീലിയൻ താരങ്ങൾ ഇംഗ്ലണ്ടിൽ തെറ്റായ സ്ഥലത്തേക്കാണ് പോകുന്നത്.” ഫാബിന്യോ പറഞ്ഞു.

ലോകകപ്പിനുള്ള ബ്രസീലിയൻ ടീമിൽ ഭൂരിഭാഗം താരങ്ങളും പ്രീമിയർ ലീഗിൽ കളിക്കുന്നവരാണ്. ഫാബിന്യോ, കസമീറോ, ഫ്രെഡ്, ആന്റണി എന്നിവർക്കു പുറമെ ലിവർപൂൾ ഗോൾകീപ്പർ അലിസൺ, മാഞ്ചസ്റ്റർ സിറ്റി ഗോൾകീപ്പർ എഡേഴ്‌സൺ, ചെൽസിയുടെ തിയാഗോ സിൽവ, ആഴ്‌സണൽ താരങ്ങളായ ഗബ്രിയേൽ മാർട്ടിനെല്ലി, ഗബ്രിയേൽ ജീസസ്, വെസ്റ്റ് ഹാം യുണൈറ്റഡിന്റെ പക്വറ്റ, ന്യൂകാസിലിന്റെ ബ്രൂണോ എന്നീ താരങ്ങൾ പ്രീമിയർ ലീഗിൽ നിന്നുമുള്ള കളിക്കാരാണ്.

You Might Also Like