ചെൽസിയുടെ ദുരവസ്ഥക്ക് അവസാനമില്ല, തകർത്തെറിഞ്ഞ് മാഞ്ചസ്റ്റർ യുണൈറ്റഡ്

വമ്പൻ താരങ്ങളെ സ്വന്തമാക്കുകയും നിരവധി പരിശീലകരെ മാറ്റി നിയമിക്കുകയും ചെയ്‌തിട്ടും ഈ സീസണിൽ ചെൽസിയുടെ ദുരവസ്ഥക്ക് അവസാനമില്ല. ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ചെൽസി തോൽവി വഴങ്ങിയത്. ഇതോടെ കഴിഞ്ഞ പതിമൂന്നു മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് ചെൽസിക്ക് വിജയിക്കാൻ കഴിഞ്ഞിരിക്കുന്നത്.

ജനുവരിയിൽ വമ്പൻ തുക മുടക്കി ടീമിലെത്തിച്ച മുഡ്രിച്ച് മികച്ചൊരു അവസരം തുലച്ചതിനു പിന്നാലെ കസമീറോയുടെ ഗോളിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നിലെത്തുക. തുടർച്ചയായ രണ്ടാമത്തെ മത്സരത്തിലാണ് താരം ഗോൾ കണ്ടെത്തുന്നത്. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ സാഞ്ചോയുടെ അസിസ്റ്റിൽ ആന്റണി മാർഷ്യൽ ഗോൾ കണ്ടെത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ നില ഭദ്രമാക്കി.

രണ്ടാം പകുതിയിൽ എഴുപത്തിമൂന്നാം മിനുട്ടിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാമത്തെ ഗോൾ നേടിയത്. ബ്രൂണോ ഫെർണാണ്ടസ് പെനാൽറ്റിയിലൂടെ ഗോൾ കുറിച്ചതിനു പിന്നാലെ അഞ്ചു മിനുട്ടിനു ശേഷം ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടോപ് സ്കോറർമാരിൽ ഒരാളായ മാർക്കസ് റാഷ്‌ഫോഡ് ടീമിന്റെ ലീഗ് വീണ്ടുമുയർത്തി. ചെൽസിയുടെ ആശ്വാസഗോൾ ജനുവരിയിൽ ലോണിൽ ടീമിലെത്തിയ ജോവോ ഫെലിക്‌സിന്റെ വകയായിരുന്നു.

ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാൻ ഒരു പോയിന്റ് മാത്രം മതിയായിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നലത്തെ വിജയത്തോടെ അത് നേടിയെടുത്തു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയത്തോടെ ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് മോഹങ്ങൾ ഇല്ലാതാവുകയും ചെയ്തു. അതേസമയം തോൽവിയോടെ പന്ത്രണ്ടാം സ്ഥാനത്താണ് ചെൽസി നിൽക്കുന്നത്.

You Might Also Like