ചുവടുകൾ പിഴച്ച് ആഴ്‌സണൽ, പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി മുന്നിൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മികച്ച കുതിപ്പുമായി മുന്നോട്ടു പോവുകയായിരുന്ന ആഴ്‌സണലിന് ചുവടുകൾ പിഴക്കുന്നു. ഇന്നലെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയോട് തോൽവി വഴങ്ങിയതോടെ ലീഗിലെ ഒന്നാം സ്ഥാനം ആഴ്‌സണലിന് നഷ്‌ടമായി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആഴ്‌സനലിന്റെ മൈതാനത്ത് വിജയം നേടിയതോടെ ഇരുപത്തിമൂന്നു മത്സരങ്ങളിൽ 51 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥാനത്താണ്. അതെ പോയിന്റുള്ള ആഴ്‌സണൽ ഒരു മത്സരം കുറച്ചാണ് കളിച്ചിരിക്കുന്നത് എന്നതിനാൽ സിറ്റിയെ മറികടക്കാൻ അവർക്ക് അവസരമുണ്ട്.

ഇന്നലെ നടന്ന മത്സരത്തിൽ ആദ്യപകുതിൽ ചുവടുറപ്പിക്കാൻ പ്രയാസപ്പെട്ടെങ്കിലും മാഞ്ചസ്റ്റർ സിറ്റി തന്നെയാണ് മുന്നിലെത്തിയത്. ഇരുപത്തിനാലാം മിനുട്ടിൽ ബെൽജിയം താരം കെവിൻ ഡി ബ്രൂയ്ൻ ആണ് മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾ നേടുന്നത്. എന്നാൽ ആദ്യപകുതി അവസാനിക്കും മുൻപ് തന്നെ ആഴ്‌സണൽ സമനില ഗോൾ കണ്ടെത്തി. നാല്‌പത്തിരണ്ടാം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ബുക്കായോ സാക്കയാണ് ആഴ്‌സലിന്റെ സമനിലഗോൾ നേടിയത്.

എന്നാൽ രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ സിറ്റി ഒന്നുകൂടി ശക്തമായി പൊരുതി. എഴുപത്തിരണ്ടാം മിനുട്ട് വരെ മത്സരം സമനിലയിൽ തന്നെ കുരുങ്ങി മുന്നോട്ട് പോയെങ്കിലും ജാക്ക് ഗ്രീലിഷ് അതിനു ശേഷം ഗോൾ കണ്ടെത്തി മാഞ്ചസ്റ്റർ സിറ്റിയെ മുന്നിലെത്തിച്ചു. എൺപത്തിരണ്ടാം മിനുട്ടിൽ ഡി ബ്രൂയ്‌ന്റെ അസിസ്റ്റിൽ ഏർലിങ് ഹാലാൻഡ് മൂന്നാം ഗോൾ നേടിയതോടെ സിറ്റി വിജയമുറപ്പിച്ചു. ഈ സീസണിൽ ഹാലാൻഡ് നേടുന്ന ഇരുപത്തിയാറാമത്തെ ലീഗ് ഗോളാണ് ഇന്നലെ പിറന്നത്.

കഴിഞ്ഞ നാല് മത്സരങ്ങളിൽ മൂന്നിലും തോറ്റ ആഴ്‌സണൽ ഒരെണ്ണത്തിൽ പോലും വിജയം നേടിയിട്ടില്ല. സീസണിൽ ഇനിയും മത്സരങ്ങൾ ബാക്കിയുള്ളതിനാൽ ടീമിന്റെ ഇപ്പോഴത്തെ മോശം പ്രകടനം വളരെയധികം നിരാശ നൽകുന്ന ഒന്നാണ്. അതേസമയം ആഴ്‌സനലിനെ മറികടക്കാൻ മികച്ച പ്രകടനം നടത്തണമെന്ന് ബോധ്യമുള്ള മാഞ്ചസ്റ്റർ സിറ്റി അതിനായി ആത്മവിശ്വാസത്തോടെയാണ് കളിക്കുന്നത്. എന്തായാലും പ്രീമിയർ ലീഗ് കിരീടപ്പോരാട്ടം ഇനി ആവേശം നിറഞ്ഞതാകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

You Might Also Like