ഫൈനൽ വരെ ഒരു ഗോൾ പോലും വഴങ്ങിയില്ല, മാഞ്ചസ്റ്റർ സിറ്റിയുടെ കുതിപ്പ് അവിശ്വസനീയം

ഷെഫീൽഡ് യുണൈറ്റഡിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ വിജയം നേടിയതോടെ മാഞ്ചസ്റ്റർ സിറ്റി എഫ്എ കപ്പിന്റെ ഫൈനലിൽ എത്തിയിട്ടുണ്ട്. ഈ സീസണിൽ പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ് എന്നിവയിൽ കിരീടപ്രതീക്ഷ സജീവമായി നിലനിർത്തുന്ന മാഞ്ചസ്റ്റർ സിറ്റി ഫൈനലിൽ എത്തിയതോടെ അവർക്ക് ട്രിബിൾ കിരീടങ്ങൾ നേടാനുള്ള സാധ്യത തുറന്നിട്ടുണ്ട്.

റിയാദ് മഹ്റാസ് നേടിയ മൂന്നു ഗോളുകളാണ് മാഞ്ചസ്റ്റർ സിറ്റിക്ക് ഷെഫീൽഡ് യുണൈറ്റഡിനെതിരെ വിജയം നേടിക്കൊടുത്തത്. അൾജീരിയൻ താരം മാഞ്ചസ്റ്റർ സിറ്റിക്കായി നേടുന്ന ആദ്യത്തെ ഹാട്രിക്കാണ് ഇന്നലെ പിറന്നത്. മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയതിനു ശേഷം എഫ്എ കപ്പിൽ ഇരുപത്തിയൊമ്പതാം വിജയം നേടിയ ഗ്വാർഡിയോള ഒരു ഗോൾ പോലും വഴങ്ങാതെയാണ് ഇത്തവണ സിറ്റിയെ ഫൈനലിൽ എത്തിച്ചത്.

അൻപത്തിയേഴു വർഷത്തിനു ശേഷമാണ് എഫ്എ കപ്പിൽ ഒരു ടീം ഒരു ഗോൾ പോലും വഴങ്ങാതെ ഫൈനലിൽ എത്തുന്നത്. മൂന്നാം റൗണ്ടിൽ ചെൽസിയെ എതിരില്ലാത്ത നാല് ഗോളുകൾക്കും നാലാം റൗണ്ടിൽ ആഴ്‌സനലിനെ എതിരില്ലാത്ത ഒരു ഗോളിനും അഞ്ചാം റൗണ്ടിൽ ബ്രിസ്റ്റോൾ സിറ്റിയെ എതിരില്ലാത്ത മൂന്നു ഗോളിനും തോൽപ്പിച്ചാണ് മാഞ്ചസ്റ്റർ സിറ്റി ക്വാർട്ടറിൽ എത്തിയത്.

ക്വാർട്ടർ ഫൈനലിൽ ബേൺലിയെ എതിരില്ലാത്ത ആറു ഗോളുകൾക്ക് തൂത്തുവാരി സെമി ഫൈനലിൽ എത്തിയ മാഞ്ചസ്റ്റർ സിറ്റി ഇന്നലെ മൂന്നു ഗോളുകളുടെ വിജയം സ്വന്തമാക്കി. പതിനാലു ഗോളുകൾ നേടിയപ്പോൾ ഒരു ഗോൾ പോലും വഴങ്ങാതെ ഫൈനലിൽ എത്തിയ ടീമിന് അടുത്ത ഘട്ടത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡോ ബ്രൈറ്റാണോ ആയിരിക്കും എതിരാളികൾ. നിലവിലെ ഫോമിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തന്നെയാണ് സാധ്യതയുള്ളത്.

You Might Also Like