പരിക്കുകളും അൽവാരസിന്റെ മിന്നും ഫോമും, ഡി ബ്രൂയ്നെ മാഞ്ചസ്റ്റർ സിറ്റി കൈവിട്ടേക്കും

2015ൽ ജർമൻ ക്ലബായ വോൾഫ്‌സ്ബർഗിൽ നിന്നും മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറിയതിനു ശേഷം ടീമിന്റെ നട്ടെല്ലാണ് ബെൽജിയൻ താരമായ കെവിൻ ഡി ബ്രൂയ്ൻ. ചെൽസി ഒഴിവാക്കിയതിനു ശേഷം പ്രീമിയർ ലീഗിലേക്ക് തിരിച്ചു വന്ന ഡി ബ്രൂയ്ൻ തന്നെ ഒഴിവാക്കിയതിൽ ചെൽസിക്ക് തീർച്ചയായും കുറ്റബോധം ഉണ്ടാക്കുന്ന തരത്തിലാണ് മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കളിച്ചത്. പ്രീമിയർ ലീഗിൽ ഇക്കാലയളവിൽ കളിച്ച ഏറ്റവും മികച്ച പ്ലേമേക്കർമാരിൽ ഒരാളായി മാറാൻ താരത്തിനായി.

എന്നാൽ മാഞ്ചസ്റ്റർ സിറ്റിയിൽ കെവിൻ ഡി ബ്രൂയ്ൻ ഒരുപാട് കാലം തുടരില്ലെന്നാണ് നിലവിൽ റിപ്പോർട്ടുകൾ പുറത്തു വരുന്നത്. 2025 വരെയാണ് നിലവിൽ ഇംഗ്ലീഷ് ക്ലബുമായി താരത്തിന് കരാറുള്ളത്. അത് പുതുക്കാൻ താരത്തിനും ക്ലബിനും താൽപര്യമുണ്ടെങ്കിലും അക്കാര്യത്തിൽ ഉടനെയൊരു തീരുമാനം സിറ്റി എടുക്കില്ലെന്നാണ് റിപ്പോർട്ടുകൾ. കരാർ അവസാനിക്കുന്നതിന്റെ പന്ത്രണ്ടു മാസത്തിന്റെ ഉള്ളിൽ മാത്രമേ ഇക്കാര്യത്തിൽ ഇംഗ്ലീഷ് ക്ലബ് തീരുമാനമെടുക്കുകയുള്ളൂ.

ഡി ബ്രൂയ്‌ന്റെ കരാർ പുതുക്കുന്ന കാര്യത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് സംശയങ്ങളുള്ളത് പരിക്ക് കാരണമാണ്. ഓഗസ്റ്റിൽ സംഭവിച്ച പരിക്ക് കാരണം താരത്തിനു ഡിസംബർ വരെ നഷ്‌ടമാകും എന്നുറപ്പാണ്. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിലും താരത്തിന് പരിക്ക് പറ്റിയിരുന്നു. അതെ പരിക്കാണ് ഇപ്പോഴും സംഭവിച്ചിരിക്കുന്നത്. നിരന്തരം പരിക്ക് പറ്റുന്ന സാഹചര്യത്തെ മാഞ്ചസ്റ്റർ സിറ്റി വളരെ ഗൗരവത്തിലാണ് എടുത്തിരിക്കുന്നത്.

കരാർ അവസാനിക്കുന്ന കാലയളവിൽ ഡി ബ്രൂയ്നു തുടർച്ചയായ പരിക്കുകൾ ഉണ്ടായാൽ താരത്തെ ഒഴിവാക്കുന്ന കാര്യം മാഞ്ചസ്റ്റർ സിറ്റി പരിഗണിച്ചേക്കും. നിലവിൽ പുറത്തിരിക്കുന്ന കെവിൻ ഡി ബ്രൂയ്നു പകരം അൽവാരസാണ് ആ പൊസിഷനിൽ കളിക്കുന്നത്. താരം മികച്ച പ്രകടനം ക്ലബിനായി നടത്തുന്നുണ്ട്. അതിനാൽ തന്നെ ഡി ബ്രൂയ്ൻ പോയാലും മറ്റൊരു താരത്തെ വെച്ച് അതിന്റെ അഭാവം പരിഹരിക്കാൻ പറ്റുമെന്ന വിശ്വാസം മാഞ്ചസ്റ്റർ സിറ്റിക്കുണ്ട്.

You Might Also Like