ലൂണയുടെ അത്ഭുതങ്ങൾ തുടരുന്നു, എല്ലാവരെയും പിന്നിലാക്കി മറ്റൊരു നേട്ടം കൂടി സ്വന്തം

അഡ്രിയാൻ ലൂണയെപ്പോലെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ സ്നേഹിച്ച മറ്റൊരു താരം ഉണ്ടാകില്ലെന്ന കാര്യം ഉറപ്പാണ്. ടീമിൽ എത്തിയതിനു ശേഷം ഇതുവരെ തന്റെ ഏറ്റവും മികച്ച പ്രകടനം നൽകാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് ഈ സീസണിൽ ടീമിന്റെ നായകനായി ലൂണയെ തിരഞ്ഞെടുത്തത്. അതിനു ശേഷം ഉത്തരവാദിത്വം വർധിച്ച താരം ടീമിനായി തന്റെ പ്രകടനം കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട് എന്ന കാര്യത്തിലും സംശയമില്ല.

ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് കളിച്ച ഏഴു മത്സരങ്ങളിൽ ഒരെണ്ണത്തിലൊഴികെ ബാക്കി എല്ലാറ്റിലും ടീമിനായി ഗോളോ അസിസ്റ്റോ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. എന്തായാലും അതിനുള്ള ബഹുമതി താരത്തെ തേടി വരികയും ചെയ്‌തിരിക്കുന്നു. കഴിഞ്ഞ ദിവസം ഐഎസ്എൽ ഒക്ടോബർ പ്ലേയർ ഓഫ് ദി മന്തിനെ തിരഞ്ഞെടുത്തപ്പോൾ അത് സ്വന്തമാക്കിയത് അഡ്രിയാൻ ലൂണയാണ്. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ലൂണ ഈ പുരസ്‌കാരം നേടിയത്.

കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ സ്ഥാനത്തു മിന്നും പ്രകടനം നടത്തുന്ന സച്ചിൻ സുരേഷ്, എഫ്‌സി ഗോവയുടെ താരമായ ജയ് ഗുപ്‌ത, ജംഷഡ്‌പൂർ എഫ്‌സി ഗോൾകീപ്പറും മലയാളിയുമായ രഹനേഷ് ടിപി എന്നിവരെ പിന്നിലാക്കിയാണ് അഡ്രിയാൻ ലൂണ ഒന്നാം സ്ഥാനത്തു വന്നത്. താരം ടീമിനായി നടത്തിയ പ്രകടനം പരിഗണിക്കുമ്പോൾ അർഹിച്ച പുരസ്‌കാരം തന്നെയാണിത്. കഴിഞ്ഞ മത്സരത്തിലും ടീമിന്റെ വിജയഗോളിന് അസിസ്റ്റ് നൽകിയത് ലൂണയായിരുന്നു.

ആരാധകരും മറ്റുള്ള വിദഗ്‌ദരും ചേർന്നാണ് ഈ പുരസ്‌കാരത്തിനുള്ള താരത്തെ കണ്ടെത്തുന്നത് എന്നതിനാൽ തന്നെ ഇതിന്റെ മൂല്യം വളരെ വലുതാണ്. കഴിഞ്ഞ മാസം രണ്ടു ഗോളും ഒരു അസിസ്റ്റുമാണ് ടീമിനായി അഡ്രിയാൻ ലൂണ നേടിയത്. യുറുഗ്വായ് താരത്തിന്റെ മികച്ച പ്രകടനം ഈ സീസണിൽ കിരീടം നേടാമെന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതീക്ഷ വർധിപ്പിക്കുന്നു.

You Might Also Like