ഒടുവില്‍ എഫ്.എ കപ്പും കൈവിട്ടു; പ്രതീക്ഷ നഷ്ടപ്പെട്ട സംഘമായി ലിവര്‍പൂള്‍

ലണ്ടന്‍: കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ലീഗിലും ചാമ്പ്യന്‍ലീഗിലുമെല്ലാം തകര്‍ത്ത് കളിച്ചിരുന്ന ലിവര്‍പൂളിന് ഈ സീസണ്‍ അത്രമികച്ചതായിരുന്നില്ല. തൊട്ടതെല്ലാം പിഴച്ചു. പ്രീമിയര്‍ലീഗില്‍ തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം എഫ്.എ കപ്പിലും തോല്‍വിനേരിട്ടതോടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. ബ്രൈറ്റണ്‍ ആന്‍ഡ് ഹോവ് ആല്‍ബിയോണിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് നിലവിലെ എഫ്.എ കപ്പ് ചാമ്പ്യന്‍മാരായ ചെമ്പട കീഴടങ്ങിയത്. എഫ്.എ കപ്പ് നാലാംറൗണ്ടിലാണ് ടീം തോറ്റ് പുറത്തായത്.


പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്പിന്റെ തന്ത്രങ്ങളെല്ലാം പിഴക്കുന്നതാണ് മൈതാനത്ത് കണ്ടത്. ജപ്പാന്‍ താരം കൗരൗ മിറ്റോമ ഇഞ്ച്വറി സമയത്ത് നേടിയ ഗോളിലാണ് ബ്രൈറ്റണ്‍ ജയിച്ചുകയറിയത്. പ്രീമിയര്‍ലീഗിലും ബ്രൈറ്റന് മുന്നില്‍ മുന്‍ ചാമ്പ്യന്‍മാര്‍ തോറ്റിരുന്നു. 30ാം മിനിറ്റില്‍ ഹാര്‍വി എലിയട്ടിന്റെ ഗോളില്‍ ലിവര്‍പൂള്‍ മുന്നിലെത്തിയിരുന്നു. എന്നാല്‍ ഒന്‍പത് മിനിറ്റിന് ശേഷം ലെവിസ് ഡംഗിലൂടെ ബ്രൈട്ടന്‍ ഗോള്‍മടക്കി. രണ്ടാംപകുതിയില്‍ ആക്രമണ പ്രത്യാക്രമണവുമായി ഇരുടീമുകളും കളംനിറഞ്ഞെങ്കിലും ഗോള്‍മാത്രം അകന്നുനിന്നു. ഒടുവില്‍ 90+2 മിനിറ്റില്‍ മിറ്റോമ ലിവര്‍പൂള്‍ ഹൃദയംഭേദിച്ച് വലകുലുക്കി.

നെതര്‍ലാന്‍ഡില്‍ നിന്ന് അടുത്തിടെ ടീമിലെത്തിച്ച കോഡി ഗാപ്‌കോയും സൂപ്പര്‍താരം മുഹമ്മദ് സലയുമടക്കമുള്ള മുന്നേറ്റനിരയുണ്ടായിട്ടും ഗോളടിക്കാനാവാത്തത് ഇംഗ്ലീഷ് വമ്പന്‍മാര്‍ക്ക് തിരിച്ചടിയായി. നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ലീഗില്‍ ലിവര്‍പൂള്‍ ഒന്‍പതാം സ്ഥാനത്താണ്. 19 കളിയില്‍ എട്ട് ജയവും അഞ്ച് സമനിലയും ഏഴ് തോല്‍വിയുമടക്കം 29പോയന്റാണ് സമ്പാദ്യം. 19 കളിയില്‍ 50 പോയന്റുള്ള ആര്‍സനലാണ് ലീഗില്‍ ഒന്നാമത്. മാഞ്ചസ്റ്റര്‍സിറ്റി രണ്ടാംസ്ഥാനത്തും ന്യൂകാസില്‍ മൂന്നാമതും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നാലാമതും തുടരുന്നു.

You Might Also Like