ലിവർപൂളിൽ വമ്പൻ അഴിച്ചുപണി, ക്ലബ് വിട്ടത് പതിനൊന്നു താരങ്ങൾ

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ വലിയ അഴിച്ചുപണിക്കൊരുങ്ങി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലിവർപൂൾ. കഴിഞ്ഞ സീസണിൽ ടോപ് ഫോർ നേടാൻ കഴിയാതിരുന്ന ക്ലബ് ഇത്തവണ വലിയ മാറ്റത്തിനായാണ് തയ്യാറെടുക്കുന്നത്. അതിന്റെ ഭാഗമായി സീനിയർ ടീമിൽ ഉണ്ടായിരുന്നതടക്കം പതിനൊന്നു താരങ്ങൾ കഴിഞ്ഞ ദിവസം ക്ലബ് വിട്ടു. കരാർ അവസാനിച്ചതോടെയാണ് ഈ താരങ്ങൾ ലിവർപൂൾ വിട്ടത്.

ഇതിൽ നാല് താരങ്ങൾ ക്ലബ് വിടുന്ന കാര്യം ക്ലബ് നേരത്തെ തന്നെ അറിയിച്ചിരുന്നു. ടീമിന്റെ നായകനായിരുന്ന ജെയിംസ് മിൽനറാണ് ഇതിൽ പ്രധാനപ്പെട്ട ഒരു താരം. ലിവർപൂളിനായി 230 മത്സരങ്ങൾ കളിച്ച് സാധ്യമായ പ്രധാന കിരീടങ്ങളെല്ലാം സ്വന്തമാക്കിയ താരം തന്റെ മുപ്പത്തിയേഴാം വയസിലാണ് ക്ലബിൽ നിന്നും വിടപറയുന്നത്. താരം ബ്രൈറ്റണിലേക്ക് ചേക്കേറുകയും ചെയ്‌തു.

ടീം മറ്റൊരു താരം 2015 മുതൽ ക്ലബിനൊപ്പമുള്ള ബ്രസീലിയൻ സ്‌ട്രൈക്കർ റോബർട്ടോ ഫിർമിനോയാണ്. പുതിയ താരങ്ങൾ മുന്നേറ്റനിരയിൽ എത്തിയതോടെ അവസരങ്ങൾ കുറഞ്ഞ ഫിർമിനോ സൗദി അറേബ്യയിലേക്ക് ചേക്കേറുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനു പുറമെ ക്ലബിനൊപ്പം നിരവധി വർഷങ്ങളായുള്ള ചേംബർലൈൻ, നബി കെയ്റ്റ എന്നീ താരങ്ങളും മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും പുറത്തു പോയിട്ടുണ്ട്.

ഇതിനു പുറമെ ടീം വിട്ട താരങ്ങളെല്ലാം അക്കാദമിയിൽ നിന്നുള്ളവരാണ്. ജാക്ക് ബിയേൺ, ലിയാം ഹ്യൂഗ്‌സ്, ചാർളി ഹയെസ് ഗ്രീൻ, ഓസ്‌കാർ കെല്ലി, ഫിഡൽ ഓ റൂർക്കേ, ഒലുഡാരെ ഓലുൻഫുന്വ, ഇവാൻ റോബർട്ട് എന്നിവരാണ് ക്ലബ് വിട്ടിരിക്കുന്നത്. നിലവിൽ അർജന്റീന താരമായ മാക് അലിസ്റ്ററിന്റെ സൈനിങ്‌ മാത്രമാണ് ലിവർപൂൾ ഇതിനു പകരമായി പൂർത്തിയാക്കിയിരിക്കുന്നത്.

You Might Also Like