ബാഴ്‌സയുടെ ലയണൽ മെസി മോഹങ്ങൾ അവസാനിക്കുന്നു, പുതിയ തീരുമാനവുമായി അർജന്റീന താരം

ഈ സീസണോടെ പിഎസ്‌ജി കരാർ അവസാനിക്കുന്ന ലയണൽ മെസി ബാഴ്‌സയിലേക്ക് തിരിച്ചു വരുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. തുടർച്ചയായി ബാഴ്‌സലോണ സന്ദർശിച്ച് ലയണൽ മെസിയും താരത്തെ തിരിച്ചു കൊണ്ടുവരാൻ കഴിയുമെന്ന് ആവർത്തിച്ച് ബാഴ്‌സലോണ പ്രസിഡണ്ടും പരിശീലകൻ സാവിയുമെല്ലാം അതിനു കൂടുതൽ നിറം നൽകുകയും ചെയ്‌തു. മെസി വീണ്ടും ബാഴ്‌സലോണ ജേഴ്‌സിയണിയുമെന്ന് ആരാധകരും വിശ്വസിച്ചു.

സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്‌സലോണയെ സംബന്ധിച്ച് ലയണൽ മെസിയെ സ്വന്തമാക്കാൻ നിരവധി മാറ്റങ്ങൾ ക്ലബിൽ കൊണ്ടു വരേണ്ടതുണ്ട്. വേതന ബിൽ കുറക്കാനുള്ള ഈ പദ്ധതി നടപ്പിലാക്കിയാൽ മാത്രമേ ലാ ലിഗ മെസിയുടെ തിരിച്ചു വരവിനു അനുമതി നൽകുകയുള്ളൂ. അനുമതി ലഭിക്കാനുള്ള പദ്ധതികൾ ലാ ലിഗക്ക് മുന്നിൽ ക്ലബ് സമർപ്പിച്ചെങ്കിലും ഇതുവരെ അക്കാര്യത്തിൽ തീരുമാനമൊന്നും ആയിട്ടില്ല.

ലീഗിന്റെ അനുമതി ലഭിച്ച് ബാഴ്‌സലോണ തനിക്ക് ഓഫർ വരുന്നതിനായി ലയണൽ മെസി കാത്തിരിക്കുകയായിരുന്നെങ്കിലും ഇപ്പോൾ താരത്തിന്റെ ആത്മവിശ്വാസവും കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ബാഴ്‌സലോണയില്ലാതെ മറ്റു ക്ലബുകളുടെ ഓഫർ പരിഗണിക്കുന്ന കാര്യം താരം ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. ഒരു നിശ്ചിത സമയത്തിനുള്ളിൽ ഓഫർ നൽകാൻ ബാഴ്‌സലോണയ്ക്ക് കഴിഞ്ഞില്ലെങ്കിൽ മറ്റുള്ള ഓഫറുകൾ താരം പരിഗണിക്കും.

നിലവിൽ സൗദി ക്ലബായ അൽ ഹിലാലിൽ നിന്നുള്ള ഓഫറാണ് ലയണൽ മെസിയുടെ മുന്നിലുള്ളത്. എന്നാൽ അത് പരിഗണിക്കുന്നതിനെക്കുറിച്ച് ലയണൽ മെസി ചിന്തിക്കുന്നു പോലുമില്ല. യൂറോപ്പിൽ തന്നെ തുടരാൻ താൽപര്യമുള്ള ലയണൽ മെസി ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് ചേക്കേറാനുള്ള സാധ്യതയാണ് കൂടുതൽ. മെസി ബാഴ്‌സലോണയെ പരിഗണിക്കുന്നില്ലെങ്കിൽ താരത്തിന് കൂടുതൽ ക്ലബുകൾ ഓഫർ നൽകാനുള്ള സാധ്യതയുണ്ട്.

You Might Also Like