എംബാപ്പെയെ ശിക്ഷിക്കാന്‍ ഒരുങ്ങി ഫിഫ, ഫ്രാന്‍സിന് അടുത്ത തിരിച്ചടി

ദോഹ: ലോകകപ്പ് ഫുട്‌ബോളില്‍ ഉജ്ജ്വല പ്രകടനം നടത്തുന്ന കിലിയന്‍ എംബാപെയുടെ തേരിലേറിയാണ് ഫ്രാന്‍സ് കുതിക്കുന്നത്. മൂന്ന് ഗോളുമായി ഗോള്‍ഡണ്‍ബൂട്ട് പട്ടികയിലും യുവതാരമാണ് ഒന്നാമത്. എന്നാല്‍ കളത്തിന് പുറത്ത് അത്രമികച്ച സമയമല്ല എംബാപെക്ക്. ഫിഫ ചട്ടം ലംഘിച്ചതിന് സൂപ്പര്‍താരത്തിനെതിരെ നടപടിക്കൊരുങ്ങുകയാണെന്നാണ് വാര്‍ത്ത. കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കണമെന്ന ചട്ടം ലംഘിച്ചതാണ് എംബാപ്പെയെ കുരുക്കിയത്. ഓസ്‌ട്രേലിയക്കും ഡെന്മാര്‍ക്കിനും എതിരായ മത്സരങ്ങളില്‍ മാന്‍ഓഫ് ദമാച്ച് പുരസ്‌കാരം ലഭിച്ചെങ്കിലും മാധ്യമങ്ങളെ കാണാന്‍ എംബാപെ തയ്യാറായിരുന്നില്ല. ഇതോടെയാണ് ഫിഫ ഇടപെടല്‍ ശക്തമാക്കുന്നത്.


ആദ്യ മത്സരത്തിനുശേഷം എംബാപ്പെക്കും ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷനും ഫിഫ താക്കീത് നല്‍കിയിരുന്നു. അതേസമയം, പിഎസ്ജിയുമായുള്ള കരാര്‍ സംബന്ധിച്ച ചോദ്യങ്ങള്‍ ഒഴിവാക്കാനാണ് വാര്‍ത്താസമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് സൂചന. ചട്ടംലംഘിച്ചതിന് താരത്തിനും ഫെഡറേഷനും പിഴ ചുമത്താനാണ് സാധ്യത.

ലോകകപ്പിന് മുന്‍പ് നടത്തിയ ഇന്റര്‍വ്യുവില്‍ വിവാദപരാമര്‍ശം നടത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പുലിവാല് പിടിച്ചിരുന്നു. വിവാദത്തില്‍ താരത്തിനെതിരെ ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നടപടിയും സ്വീകരിച്ചു. സമാനമായ സാഹചര്യമൊഴിവാക്കാനാണ് എംബാപെയുടെ ഇത്തരമൊരു മുന്‍കരുതലെന്നാണ് ഫുട്‌ബോള്‍ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

നേരത്തെ ഫ്രാന്‍സിലെ വംശീയാധിക്ഷേപത്തിനെതിരെ പ്രതികരിച്ച എംബാപെയുടെ ഇന്റര്‍വ്യു വലിയചര്‍ച്ചയായിരുന്നു. കഴിഞ്ഞ യൂറോ കപ്പില്‍ തന്റെ പെനാല്‍റ്റി പുറത്തേക്ക് പോയതോടെ സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരെ ടീം തോറ്റ് പുറത്തായതോടെ നേരിട്ട ആക്ഷേപങ്ങള്‍ പരിധി വിട്ടതോടെ രാജ്യാന്തര കരിയര്‍ അവസാനിപ്പിച്ചാലോ എന്നുപോലും ചിന്തിച്ചിരുന്നതായി അടുത്തിടെ എംബാപെ പറഞ്ഞിരുന്നു.


അതേസമയം, ഗ്രൂപ്പ് ഡിയില്‍ നിന്ന് ഫ്രാന്‍സ് നേരത്തെ ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പിച്ചു. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ, പിന്നാലെ ഡെന്‍മാര്‍ക്ക് എന്നിവരെയാണ് ലോകചാമ്പ്യന്‍മാര്‍ തോല്‍പ്പിച്ചത്. ഡെന്‍മാര്‍ക്കിനെതിരെ രണ്ട് ഗോളുകളും നേടിയത് എംബാപ്പെയായിരുന്നു. ഓസ്‌ട്രേലിയക്കെതിരെ ഒരു ഗോളും സ്വന്തമാക്കി. താരത്തിന്റെ രണ്ടാം ലോകകപ്പാണിത്. രണ്ട് ലോകകപ്പില്‍ നിന്ന് ഏഴ് ഗോളുകളാണ് സമ്പാദ്യം. പരിക്കിന്റെ പിടിയിലായിരുന്ന കരിം ബെന്‍സേമ തിരിച്ചുവരുന്നത് ഫ്രാന്‍സ് നിരയില്‍ പ്രതീക്ഷനല്‍കുന്നു. പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ ബെന്‍സെമയുടെ സേവനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബെന്‍സേമ ലോകകപ്പ് ടീമിനൊപ്പം തിരികെ ചേര്‍ന്നേക്കുമെന്നും പരിക്ക് ഭേദമാകുന്നതായും ഖത്തറിലേക്ക് ഉടന്‍ എത്തിയേക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ലോകകപ്പ് നിലനിര്‍ത്താന്‍ ഖത്തറിലേക്ക് വിമാനം കയറിയ ഫ്രാന്‍സിനേറ്റ ആദ്യ തിരിച്ചടിയായിരുന്നു കരീം ബെന്‍സിമയുടെ പരിക്ക്. നേരത്തെ മധ്യനിരതാരങ്ങളായ എംഗോളോ കാന്റെ, പോള്‍ പോഗ്ബ, പ്രതിരോധതാരം കിംബെംബെ, സ്‌ട്രൈക്കര്‍ എന്‍കുന്‍കു എന്നിവര്‍ ടീമില്‍ നിന്നുപുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് ബെന്‍സിയും പരിക്കേല്‍ക്കുന്നത്. പ്രമുഖരുടെ പരിക്കിലും ടീം പ്രകടനം മികച്ചതാണെന്നത് ചാമ്പ്യന്‍മാര്‍ക്ക് ആശ്വാസംനല്‍കുന്നു. എന്നാല്‍ നോക്കൗണ്ട് റൗണ്ടില്‍ മത്സരം കടുത്തതാകുമ്പോള്‍ ബെന്‍സമെയെന്ന ക്ലിനിക്കല്‍ ഫിനിഷറുടെ വരവ് ടീമിന് പുതിയ ഊര്‍ജ്ജമാകും.

You Might Also Like