വീണ്ടും മാന്‍ ഓഫ് ദ മാച്ചായി, അടുത്ത കളി അവനെ പുറത്താക്കുമോ?

ബംഗ്ലാദേശിനെതിരെ ചിറ്റോഗില്‍ നടന്ന ആദ്യ ടെസ്റ്റില്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കിയത് കുല്‍ദീപ് യാദവായിരുന്നു. അന്ന് ഇന്ത്യ ജയിച്ച മത്സരത്തില്‍ എട്ട് വിക്കറ്റും വിലപ്പെട്ട 40 റണ്‍സുമാണ് കുല്‍ദീപ് സ്വന്തമാക്കിയിരുന്നത്. എന്നാല്‍ തൊട്ടടുത്ത മത്സരത്തില്‍ കുല്‍ദീപിനെ പുറത്താക്കിയാണ് ഇന്ത്യ രണ്ടാം ടെസ്റ്റിന് ഇറങ്ങിയത്. ഇത് വലിയ വിമര്‍ശനത്തിനും കാരണമായി തീര്‍ന്നിരുന്നു.

ആറ്റുനോറ്റ് കിട്ടിയ അവസരത്തില്‍ തിളങ്ങിയിട്ടും കുല്‍ദീപിന് രക്ഷയില്ലെന്ന് ഇതോടെ ക്രിക്കറ്റ് ലോകം വിധിയെഴുതി. പിന്നീട് ശ്രീലങ്കയ്‌ക്കെതിരെ ടി20 പരമ്പര നടന്നെങ്കിലും കുല്‍ദീപിന് ടീമില്‍ ഇടം ഉണ്ടായിരുന്നില്ല. ആദ്യ ഏകദിനത്തിലും കുല്‍ദീപ് പുറത്തിരുന്നു. ഒടുവില്‍ ഈഡനില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ യുസ് വേന്ദ്ര ചഹലിന് പരിക്കേറ്റതോടെ കുല്‍ദീപിന് വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് അവസരം ലഭിച്ചു.

ലഭിച്ച അവസരം കുല്‍ദീപ് വീണ്ടും മുതലാക്കിയിരിക്കുകയാണ്. കളിയുടെ ഗതിയെ തന്നെ മാറ്റി മറിയ്ക്കുന്ന ബൗളിംഗ് പ്രകടനമാണ് കുല്‍ദീപ് പുറത്തെടുത്തത്. മത്സരത്തില്‍ കൂറ്റന്‍ സ്‌കോറിലേക്ക് മുന്നേറുകയായിരുന്ന ശ്രീലങ്കയെ 215ല്‍ ഒതുക്കിയത് കുല്‍ദീപിന്റെ ബൗളിംഗ് പ്രകടനമായിരുന്നു.

16 ഓവറില്‍ ഒന്നിന് 102 എന്ന നിലയില്‍ നിന്ന് 24 ഓവറില്‍ ആറിന് 126 എന്ന നിലയിലേക്ക് ലങ്ക കൂപ്പുകുത്തിയത് കുല്‍ദീപിന്റെ മാന്ത്രിക സ്‌പെല്ലിലൂടെയായിരുന്നു. 10 ഓവറില്‍ 51 റണ്‍സ് വഴങ്ങി മൂന്ന് നിര്‍ണ്ണായക വിക്കറ്റുകളാണ് കുല്‍ദീപ് നേടിയത്. മാത്രമല്ല ബാറ്റ് ചെയ്യാന്‍ ഏഴാമതായി ക്രീസിലെത്തിയ കുല്‍ദീപ് 10 പന്തില്‍ രണ്ട് ഫോറടക്കം പുറത്താകാതെ 10 റണ്‍സെടുത്ത് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുകകും ചെയ്തു.

ഇതോടെ കളിയിലെ താരമായി തെരഞ്ഞെടുത്തത് കുല്‍ദീപിനെയായിരുന്നു. രോഹിത്തും കോഹ്ലിയുമെല്ലാം കാഴ്ച്ചക്കാരാക്കി മാറ്റിയാണ് കുല്‍ദീപ് അവസരം കിട്ടിയപ്പോള്‍ ഷൈന്‍ ചെയ്തത്.

എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ ഇപ്പോളും ചോദിക്കുന്നൊരു ചോദ്യമുണ്ട്. കുല്‍ദീപിനെ അടുത്ത കളി ടീം ഇന്ത്യ കളിപ്പിക്കുമോയെന്ന്. എത്ര തന്നെ ഫോം തെളിയിച്ചാലും കുല്‍ദീപിനെ വിശ്വാസത്തിലെടുക്കാന്‍ ടീം മാനേജുമെന്റ് തയ്യാറായിട്ടില്ല. ഈ മാന്‍ ഓഫ് ദ മാച്ച പട്ടം അതിനൊരു മാറ്റത്തിന് കാരണമാകുമോയെന്ന് കാത്തിരുന്ന് തന്നെ കാണണം.

You Might Also Like