കാര്‍ത്തിക് ഫിനിഷറല്ല, ലാസ്റ്റ് ഓവര്‍ സൈക്കോ മാത്രം, തുറന്നടിച്ച് ഇന്ത്യന്‍ താരം
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് കാര്‍ത്തിക് ഒരു ഫിനഷറല്ലെന്ന വിലയിരുത്തലുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ക്രിഷ്ണമാചാരി ശ്രീകാന്ത് രംഗത്ത്. ഒരു ഇന്നിങ്സിന്റെ മധ്യ ഓവര്‍ മുതല്‍ അവസാനം വരെ ക്രീസില്‍ നിന്നുകൊണ്ട് മത്സരം പൂര്‍ത്തിയാക്കുന്ന താരമാണ് ഫിനിഷറെന്നും അക്കൂട്ടത്തില്‍ കാര്‍ത്തികിനെ ഉള്‍പ്പെടുത്താനാകില്ലെന്നും ശ്രീകാന്ത് പറയുന്നു. ഒടിടി പ്ലാറ്റ്‌ഫോമായ ഫാന്‍ കോഡിനോട് സംസാരിക്കുകയായിരുന്നു ശ്രീകാന്ത്.
‘ഒരു ഫിനിഷറെക്കുറിച്ചുള്ള നിങ്ങളുടെ നിര്‍വ്വചനം തികച്ചും തെറ്റാണ്. കാര്‍ത്തിക് മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും അദ്ദേഹം ഫിനിഷറല്ല. എട്ടാമത്തെയോ ഒമ്പതാമത്തെയോ ഓവറില്‍ നിന്ന് ഗെയിം എടുത്ത് വിജയിപ്പിക്കാന്‍ കഴിയുന്ന ഒരു ബാറ്ററെ ഫിനിഷര്‍ എന്ന് വിളിക്കാം. കളിയുടെ അവസാനം കാമിയോകള്‍ മാത്രമാണ് ദിനേഷ് നല്‍കുന്നത്’ ശ്രീകാന്ത് പറഞ്ഞു.
‘സൂര്യകുമാര്‍ യാദവിനെ ഉദാഹരണമായി എടുക്കുക. ഇംഗ്ലണ്ടില്‍ അദ്ദേഹം ഏതാണ്ട് ഒരു കളി ഒറ്റക്ക് ജയിപ്പിച്ചു. അതാണ് ഫിനിഷിങ് റോള്‍. ഹാര്‍ദിക് പാണ്ഡ്യയും റിഷബ് പന്തും നിലവില്‍ ഇന്ത്യന്‍ ടീമിലെ ഫിനിഷര്‍മാരാണ്’ ശ്രീകാന്ത് പറഞ്ഞു.
‘ഒരു യഥാര്‍ത്ഥ ഫിനിഷര്‍ ഡെത്ത് ഓവറുകളില്‍ മാത്രം കളിക്കില്ല. ഡി.കെ ഒരു അത്ഭുതകരമായ ജോലിയാണ് ചെയ്യുന്നത്, പക്ഷേ യഥാര്‍ത്ഥത്തില്‍ ഒരു ഫിനിഷര്‍ ആകുന്നതിന് പകരം അദ്ദേഹം ഫിനിഷിങ് റോള്‍ എന്താണെന്ന് മാറ്റിയെഴുതുന്നു’ ശ്രീകാന്ത് പറഞ്ഞു.
നിലവില്‍ 37 വയസ്സുളള ദിനേഷ് കാര്‍ത്തിക് ഐപിഎല്ലിലെ മികച്ച പ്രകടനത്തോടെയാണ് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയത്. നിലവില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനമാണ് ദിനേഷ് കാര്‍ത്തിക് പുറത്തെടുക്കുന്നത്.