രഹാനയല്ല നായകനാകേണ്ടത്, മറ്റൊരാളെ ചൂണ്ടികാട്ടി ഇന്ത്യന്‍ സൂപ്പര്‍ താരം

ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന് ശേഷം കോഹ്ലിയുടെ അഭാവത്തില്‍ അജയ്ക്യ രഹാനയെയാണ് നായകനായി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ മറ്റൊരു അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍.

രഹാനയ്ക്ക് പകരം രോഹിത്തിനെ ടീം ഇന്ത്യയുടെ നായകനാക്കണമെന്നാണ് ഇര്‍ഫാന്‍ പറയുന്നത്.

കോഹ്‌ലിയുടെ അഭാവം ഇന്ത്യന്‍ ടീമിന് വലിയ ആഘാതമായിരിക്കും സൃഷ്ടിക്കുക. ക്രിക്കറ്റിന് അപ്പുറം ജീവിതം ഉണ്ടെന്ന് നമ്മള്‍ അംഗീകരിക്കുകയും, കൂടുംബത്തിന് വലിയ പ്രാധാന്യം നല്‍കുകയും വേണം. എന്നാല്‍ കോഹ് ലിയുടെ വിടവ് നികത്തുക പ്രയാസമാവും, പത്താന്‍ പറഞ്ഞു.

രഹാനെയെ ഒരു വിധത്തിലും വിലകുറയ്ക്കുകയല്ല. എന്നാല്‍ രോഹിത്ത് ആണ് ക്യാപ്റ്റന്‍ ആവേണ്ടത്. കഴിവ് തെളിയിച്ച നായകനാണ് രോഹിത്. വേണ്ട പരിചയ സമ്പത്തും രോഹിത്തിനുണ്ട്. ഓപ്പണര്‍ എന്ന നിലയില്‍ രോഹിത്തിന്റെ റോളും പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ഓസ്ട്രേലിയയില്‍ രോഹിത്തിനെ പോലൊരു താരത്തെയാണ് ആവശ്യം’ പത്താന്‍ കൂട്ടിചേര്‍ത്തു.

2008ല്‍ ഓസ്ട്രേലിയയില്‍ ആദ്യമായി കളിക്കുകയായിരുന്നിട്ടും ഏകദിനത്തില്‍ രോഹിത് മികവ് കാണിച്ചു. രോഹിത്തിന്റെ വിശപ്പിനേക്കാള്‍ എതിരാളികള്‍ക്ക് ഭീഷണിയാവുന്ന മറ്റൊന്നും ഇല്ല. വിദേശ മണ്ണില്‍ കളിക്കുക എന്നും വെല്ലുവിളിയാണ്. എന്നാല്‍ ഫോമില്‍ നില്‍ക്കുമ്പോള്‍ സാഹചര്യങ്ങള്‍ രോഹിത്തിന് ഒരു വിഷയമല്ല, ഇര്‍ഫാന്‍ പറഞ്ഞു.

2004ല്‍ സെവാഗ് ചെയ്തത് പോലെ ഓപ്പണിങ്ങില്‍ രോഹിത്തിന് ചെയ്യാം. മൂന്നാം സ്ഥാനത്ത് പൂജാരയുടെ റോളും നിര്‍ണായകമാവും. എല്ലാവരേയും ചേര്‍ത്ത് നിര്‍ത്തുന്ന ഘടകം റോള്‍ ആവും പൂജാരയുടേത്. കോഹ് ലിയുടെ അഭാവത്തില്‍ രഹാനെ നാലാം സ്ഥാനത്ത് കളിക്കണം എന്നും പത്താന്‍ പറഞ്ഞു.

You Might Also Like