മറക്കില്ലൊരിക്കലും, കേരളത്തിന് നന്ദി പറഞ്ഞ് ജലജ് സക്‌സേന

രഞ്ജിയിലെ ഈ സീസണില്‍ തകര്‍പ്പന്‍ പ്രകടനം നടത്താന്‍ പിന്തുണച്ചതിന് കേരള ടീമിനും മലയാളികള്‍ക്കും നന്ദി പറഞ്ഞ് ജലജ് സക്‌സേന. രഞ്ജിയില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും അധികം വിക്കറ്റ് നേടിയ താരം എന്ന നേട്ടം സ്വന്തമാക്കിയതിന പിന്നാലെയാണ് സക്‌സേന കേരളത്തിന് നന്ദിപറഞ്ഞ് രംഗത്തെത്തിയത്.

‘വളരെ കഴിവുള്ള ഈ ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് എല്ലായ്പ്പോഴും എനിക്ക് ലഭിച്ച ആദരമായി കണക്കാക്കുന്നു. 400 ഫസ്റ്റ് ക്ലാസ് വിക്കറ്റുകള്‍ തികയ്ക്കുകയും ഒരു സീസണില്‍ ആറ് അഞ്ച് വിക്കറ്റ് നേട്ടത്തോടെ 50 വിക്കറ്റ് നേടുകയും ചെയ്യുക എന്നത് ജീവിതകാലം മുഴുവന്‍ ഞാന്‍ കാത്തുസൂക്ഷിക്കുന്ന ഒരു പ്രത്യേക ഓര്‍മ്മയായിരിക്കും. നിങ്ങളുടെ എല്ലാ പിന്തുണക്കും നന്ദി. നമ്മള്‍ വീണ്ടും കണ്ടുമുട്ടുന്നത് വരെ സ്‌നേഹം’ സക്‌സേന ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഏഴ് മത്സരങ്ങളില്‍ നിന്ന് ആറ് അഞ്ച് വിക്കറ്റ് നേട്ടം ഉള്‍പ്പെടെ 50 വിക്കറ്റാണ് ജലജ് സക്‌സേന സ്വന്തമാക്കിയത്. രഞ്ജി വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്താണ് ജലജ് സക്്‌സേന. 2.75 എക്കണോമില്‍ 19.26 ശരാശരിയിലാണ് ജലജിന്റെ സീസണിലെ ഏറ്റവും മികച്ച ഈ തകര്‍പ്പന്‍ പ്രകടനം.

അതെസമയം നിര്‍ണ്ണായക മത്സരത്തില്‍ പോണ്ടിച്ചേരിയോട് സമനില വഴങ്ങിയതോടെ രഞ്ജി ട്രോഫിയില്‍ നിന്ന് പുറത്തായിരിക്കുകയാണ് കേരള ടീം. സീസണില്‍ നന്നായി കളിച്ചിട്ടും ഗോവയോട് തോറ്റ ഒരു മത്സരമാണ് കേരളത്തിന്റെ ക്വാര്‍ട്ടറിലേക്കുളള വഴിയടച്ചത്. ഇതോടെ കേരളത്തിന്റെ രഞ്ജി സീസണ് അവസാനമായി.

ഏഴ് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവും ഒരു തോല്‍വിയും മൂന്ന് സമനിലയും ആണ് ഈ സീസണില്‍ കേരളം സ്വന്തമാക്കിയത്. 21 പോയന്റുമായി മൂന്നാം സ്ഥാനത്താണ് കേരളം ഫിനിഷ് ചെയ്തത്. 35 പോയന്റ് നേടിയ കര്‍ണാട പോയന്റ് ടോപ്പറായപ്പോള്‍ 23 പോയന്റുമായി ജാര്‍ഖണ്ഡ് രണ്ടാം സ്ഥാനവും സ്വന്തമാക്കി. ഇരുവരുമാണ് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയത്.

 

You Might Also Like