കോപ്പലൊഴികെ മറ്റാർക്കും സാധിച്ചിട്ടില്ല, ഇന്നു ചരിത്രം തിരുത്താൻ ബ്ലാസ്റ്റേഴ്‌സിന് കഴിയുമോ

ഇന്ത്യൻ സൂപ്പർ ലീഗിലെ ഒരു വമ്പൻ പോരാട്ടമാണ് ഇന്ന് രാത്രി നടക്കാൻ പോകുന്നത്. പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സും രണ്ടാം സ്ഥാനത്തു നിൽക്കുന്ന എഫ്‌സി ഗോവയും തമ്മിലുള്ള മത്സരം പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടം കൂടിയാണ്. ഈ സീസണിൽ ഒരു മത്സരവും തൊറ്റിട്ടില്ലാത്ത ഗോവയുടെ മൈതാനത്താണ് മത്സരം നടക്കുന്നത്.

മത്സരത്തിനിറങ്ങുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് വലിയൊരു നാണക്കേട് മാറ്റാനുണ്ട്. എഫ്‌സി ഗോവയുടെ മൈതാനത്ത് വളരെക്കാലമായി വിജയിച്ചിട്ടില്ലെന്ന നാണക്കേടാണ് മാറ്റാനുള്ളത്. ഇതിനു മുൻപ് ബ്ലാസ്റ്റേഴ്‌സ് ഗോവയുടെ മൈതാനത്ത് വിജയിച്ചിരിക്കുന്നത് ഒരേയൊരു തവണയാണ്. സ്റ്റീവ് കൊപ്പൽ പരിശീലകനായിരിക്കുന്ന സമയത്ത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ടീമിന്റെ വിജയം.

ഇവാൻ വുകോമനോവിച്ച് പരിശീലകനായതിനു ശേഷം ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം വളരെയധികം മെച്ചപ്പെട്ടുവെങ്കിലും ഗോവയുടെ മൈതാനത്ത് വിജയിക്കാൻ കഴിഞ്ഞിട്ടില്ല. അദ്ദേഹം പരിശീലകനായ ആദ്യത്തെ സീസണിൽ രണ്ടു മത്സരങ്ങളിലും സമനിലയാണ് വഴങ്ങിയതെങ്കിൽ കഴിഞ്ഞ സീസണിൽ സ്വന്തം മൈതാനത്ത് വിജയവും ഗോവയുടെ മൈതാനത്ത് തോൽവിയുമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ഫലങ്ങൾ.

ഗോവക്കെതിരായ ഇതുവരെയുള്ള മുഴുവൻ റെക്കോർഡുകൾ നോക്കുമ്പോഴും ബ്ലാസ്റ്റേഴ്‌സിന് അനുകൂലമല്ല കാര്യങ്ങൾ. രണ്ടു ടീമുകളും തമ്മിൽ പതിനെട്ടു തവണ ഏറ്റുമുട്ടിയപ്പോൾ പത്ത് തവണയും ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങി. നാല് മത്സരങ്ങളിൽ മാത്രം വിജയം നേടിയപ്പോൾ ബാക്കിയുള്ള നാല് മത്സരങ്ങൾ സമനിലയിൽ അവസാനിക്കുകയായിരുന്നു.

ഇന്നത്തെ മത്സരത്തിനായി ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്‌സിന് വലിയ പ്രതീക്ഷകളുണ്ട്. ഈ സീസണിൽ ഇതുവരെ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിയിരിക്കുന്നത്. എന്നാൽ എവേ മത്സരങ്ങൾ കൂടുതൽ കളിക്കാത്തതിനാൽ ഒരു വമ്പൻ ടീമിനെതിരെയുള്ള മത്സരം എങ്ങിനെയാകുമെന്ന ആകാംഷ ആരാധകർക്കുണ്ട്. ഇതുവരെയുള്ള നാണക്കേട് മാറ്റാൻ ടീമിന് കഴിയുമോയെന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.

You Might Also Like