ഗോവ പരിശീലകനു കരിയറിലെ വമ്പൻ നാണക്കേട് സമ്മാനിച്ച് ബ്ലാസ്റ്റേഴ്‌സ്, ഇവാനു കീഴിൽ മറ്റൊരു നേട്ടം കൂടി

ഇന്ത്യൻ സൂപ്പർ ലീഗിൽ മോശം പ്രകടനത്തിലൂടെ കടന്നു പോവുകയായിരുന്നു ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ മത്സരത്തിൽ അവിശ്വസനീയമായ തിരിച്ചുവരവ് നടത്തി ടീമിന്റെ പ്രതീക്ഷകൾ കാത്തു സൂക്ഷിച്ചിട്ടുണ്ട്. രണ്ടു ഗോളിന് പിന്നിൽ നിന്നതിനു ശേഷം രണ്ടാം പകുതിയിൽ നാല് ഗോളുകൾ തിരിച്ചടിച്ച് ബ്ലാസ്റ്റേഴ്‌സ് നേടിയ വിജയം ടീമിന്റെ മുന്നോട്ടു പോക്കിനു വലിയ രീതിയിലുള്ള ആത്മവിശ്വാസം നൽകുമെന്നതിൽ സംശയമില്ല.

ഇന്നലെ നടന്ന മത്സരത്തിലെ വിജയത്തിന് ശേഷം ചില റെക്കോർഡുകൾ നേടാനും ഗോവ പരിശീലകനായ മനോലോ മാർക്വസിന് ഒരു നാണക്കേട് സമ്മാനിക്കാനും ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞു. ഐഎസ്എല്ലിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളായ മാർക്വസ് ഇതുവരെ ഒരു ടീമിനൊപ്പവും ലീഗിൽ നാല് ഗോളുകൾ വഴങ്ങിയിട്ടില്ല. ആ നേട്ടമാണ് ബ്ലാസ്റ്റേഴ്‌സിന്റെ പോരാട്ടവീര്യത്തിനു മുന്നിൽ ഇല്ലാതായത്.

കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ചും ചില നേട്ടങ്ങൾ കഴിഞ്ഞ മത്സരത്തിൽ സ്വന്തമാക്കാനായി. ആദ്യമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഒരു മത്സരത്തിൽ രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്നതിനു ശേഷം തിരിച്ചടിച്ച് വിജയം സ്വന്തമാക്കുന്നത്. അതിനു പുറമെ പരിശീലകനായ ഇവാൻ വുകോമനോവിച്ചിന് കീഴിൽ ആദ്യമായി ഒരു മത്സരത്തിൽ നാല് ഗോളുകളെന്ന നേട്ടവും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി.

ഐഎസ്എല്ലിൽ തുടർച്ചയായ മൂന്നു മത്സരങ്ങൾ തോൽവി വഴങ്ങിയതിനു ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് ഇതുപോലെ ആവേശകരമായ വിജയം സ്വന്തമാക്കുന്നത്. അവസാന നിമിഷം വരെ പൊരുതിയ താരങ്ങൾക്ക് തന്നെയാണ് അതിന്റെ മുഴുവൻ ക്രെഡിറ്റും. ടീമിലേക്ക് പുതിയതായി എത്തിയ ഫെഡോർ ചെർണിച്ച് അടക്കം മൂന്നു വിദേശതാരങ്ങൾ ഗോൾ കണ്ടെത്തിയത് ബ്ലാസ്റ്റേഴ്‌സിന് കൂടുതൽ പ്രതീക്ഷ നൽകുന്നുണ്ട്.

You Might Also Like