ഒഡിഷയുടെ തോൽ‌വിയിൽ പ്രതീക്ഷകൾ വർധിക്കുന്നു, കിരീടം ബ്ലാസ്റ്റേഴ്‌സിന് അകലെയല്ല

ബെംഗളൂരു എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ തോൽവി വഴങ്ങിയതോടെ കേരള ബ്ലാസ്റ്റേഴ്‌സിന് ഐഎസ്എൽ ഷീൽഡ് നേടാൻ കഴിയുമെന്ന പ്രതീക്ഷകൾ ഇല്ലാതായിരുന്നു. എന്നാൽ ഇന്നലെ നടന്ന മത്സരത്തിൽ ഒഡിഷ എഫ്‌സി ചെന്നൈയിൻ എഫ്‌സിയോട് കീഴടങ്ങിയതോടെ അത് വീണ്ടും സജീവമായിട്ടുണ്ടെന്നതാണ് വാസ്‌തവം.

അഞ്ചാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സിന് നിലവിൽ പതിനേഴു മത്സരങ്ങളിൽ നിന്നും ഇരുപത്തിയൊമ്പത് പോയിന്റാണുള്ളത്. ഒന്നാം സ്ഥാനത്തുള്ള ഒഡിഷയും ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള പോയിന്റ് വ്യത്യാസം വെറും ആറു പോയിന്റ് മാത്രമാണ്. ഒഡിഷക്ക് പുറമെ മുംബൈ സിറ്റി, മോഹൻ ബഗാൻ, എഫ്‌സി ഗോവ എന്നീ ക്ലബുകളാണ് ബ്ലാസ്റ്റേഴ്‌സിന് മുന്നിലുള്ള വെല്ലുവിളി.

ഇതിൽ പ്രധാന വെല്ലുവിളി ഉയർത്തുന്ന ടീമുകളിൽ ഒന്നായ മോഹൻ ബഗാനെതിരെ സ്വന്തം മൈതാനത്ത് ബ്ലാസ്റ്റേഴ്‌സിനു മത്സരമുണ്ട്. അതിൽ വിജയിച്ചാൽ ടീമിന്റെ പ്രതീക്ഷകൾ സജീവമാകും. പിന്നീട് രണ്ടു മത്സരങ്ങളെങ്കിലും ഈ ടീമുകൾ തോൽക്കുകയും ബ്ലാസ്റ്റേഴ്‌സ് എല്ലാ മത്സരങ്ങളിലും വിജയിക്കുകയും ചെയ്‌താൽ ബ്ലാസ്റ്റേഴ്‌സിന് കിരീടത്തിലേക്ക് അടുക്കാൻ കഴിയും.

ബ്ലാസ്റ്റേഴ്‌സിന് ഇനി അഞ്ചു മത്സരങ്ങൾ സീസണിൽ ബാക്കിയുള്ളപ്പോൾ ഒഡിഷക്ക് നാലും മുംബൈ സിറ്റിക്ക് അഞ്ചും മോഹൻ ബഗാൻ, ഗോവ എന്നിവർക്ക് ആറും മത്സരങ്ങൾ കളിക്കാനുണ്ട്. മോഹൻ ബഗാൻ, ജംഷഡ്‌പൂർ, ഈസ്റ്റ് ബംഗാൾ, നോർത്ത്ഈസ്റ്റ് യുണൈറ്റഡ്, ഹൈദരാബാദ് എന്നിവരാണ് കേരളത്തിന്റെ ഇനിയുള്ള എതിരാളികൾ. ഇതിൽ മോഹൻ ബഗാൻ ഒഴികെയുള്ളവർ ബ്ലാസ്‌റ്റേഴ്‌സിനെ അപേക്ഷിച്ച് കരുത്ത് കുറഞ്ഞ ടീമുകളാണ്.

സീസണിൽ ആറാം സ്ഥാനം ലക്ഷ്യമിട്ട് നിരവധി ക്ലബുകൾ പൊരുതുന്നുണ്ട്. ഇന്നലെ ചെന്നൈയിൻ എഫ്സിയുടെ വിജയം അത് വ്യക്തമാക്കുന്നു. അതിനാൽ തന്നെ മുൻനിരയിൽ നിൽക്കുന്ന ടീമുകൾ പോയിന്റ് നഷ്‌ടപ്പെടുത്താനുള്ള സാധ്യതയുണ്ട്. ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ഇനിയുള്ള മത്സരങ്ങളെല്ലാം വിജയിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം.

You Might Also Like