രാജ്യമാണ് തകരുന്നത്, കോഹ്ലിയും ബിസിസിഐയും ഒരുമിച്ചിരുന്ന് പ്രശ്‌നം പരിഹരിക്കണം, തുറന്നടിച്ച് കപില്‍

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉരുത്തിരിഞ്ഞിരിക്കുന്ന പുതിയ കാര്‍മേഘങ്ങള്‍ നീക്കാന്‍ എത്രയും പെട്ടെന്ന് നടപടി ഉണ്ടാകണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ദേവ്. ബിസിസിഐയും വിരാട് കോഹ്ലിയും തമ്മിലുള്ള പ്രശ്നങ്ങള്‍ എത്രയും വേഗം ഒരുമിച്ചിരുന്നോ അല്ലാതെയോ ചര്‍ച്ച നടത്തി പരിഹരിക്കണമെന്നും കപില്‍ ദേവ് ആവശ്യപ്പെട്ടു.

‘രണ്ടു പേരും തമ്മിലുള്ള പ്രശ്നം ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ ബിസിസിഐയും കോഹ്ലിയും ശ്രമിക്കണം. ഫോണെടുത്ത് വിളിച്ച് ഇരുകൂട്ടരും പരസ്പരം സംസാരിച്ചെങ്കില്‍ മാത്രമേ പ്രശ്നം തീര്‍പ്പാവുകയുള്ളൂ. രാജ്യത്തെയും ടീമിനെയും നിങ്ങള്‍ മറ്റെന്തിനേക്കാള്‍ മുന്നില്‍ വയ്ക്കണം’ കപില്‍ പറഞ്ഞു.

‘തുടക്കകാലത്തു ആഗ്രഹിച്ചതെല്ലാം എനിക്കും ബോര്‍ഡില്‍ നിന്നും ലഭിച്ചിരുന്നു. പക്ഷെ ചില സമയങ്ങള്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നത് ലഭിക്കണമെന്നില്ല. അതിനര്‍ഥം നിങ്ങള്‍ ക്യാപ്റ്റന്‍ സ്ഥാനം വിടുകയെന്നല്ല. കോഹ്ലി ഇതു കൊണ്ടാണ് ക്യാപ്റ്റന്‍സി രാജിവച്ചതെങ്കില്‍ എന്താണ് പറയേണ്ടതെന്നു എനിക്കറിയില്ല. അദ്ദേഹം ഗംഭീര ക്രിക്കറ്ററാണ്. കോഹ്ലിയുടെ കളി കാണാന്‍ ഞാന്‍ വളരെധികം ആഗ്രഹിക്കുന്നു. കൂടുതല്‍ കൂടുതല്‍ റണ്‍സ് അദ്ദേഹം ഇനിയും നേടണം’ കപില്‍ പറഞ്ഞു.

കഴിഞ്ഞ അഞ്ചു മാസത്തോളമായി ക്യാപ്റ്റന്‍സി വിവാദവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് കലങ്ങി മറിയുകയാണ്. കഴിഞ്ഞ നവംബറില്‍ നടന്ന ടി20 ലോകകപ്പിനു ശേഷം കോഹ്ലി ടി20 ഫോര്‍മാറ്റിലെ നായകസ്ഥാനം ഒഴിഞ്ഞതിനു ശേഷമായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനത്തു തുടരാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കോഹ്ലിയെ ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്ന് ബിസിസിഐ പുറത്താക്കിയത് വിവാദമായി. ഇതോടെ ടെസ്റ്റ് ക്യാപ്റ്റന്‍സിയും ഉപേക്ഷിച്ച് കോഹ്ലി പകരം വീട്ടി. പുതിയ സംഭവവികാസങ്ങള്‍ക്കിടെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം വലിയ പരാജയമാകുകയും ചെയ്്തിരുന്നു.

You Might Also Like