ഇനിയും കാത്തിരിക്കാനാവില്ല; ഫ്രാന്‍സ് സൂപ്പര്‍താരത്തെ കൈവിടാന്‍ ഇറ്റാലിയന്‍ ക്ലബ്

റോം: പരിക്ക് കാരണം മാസങ്ങളായി കളത്തിന് പുറത്തായ ഫ്രഞ്ച് മധ്യനിരതാരം പോള്‍ പോഗ്‌ബെയെ കൈവിടാനൊരുങ്ങി ഇറ്റാലിയന്‍ ക്ലബ് യുവന്റസ്. പരിക്കിന്റെ പിടിയിലായതിനാല്‍ ഫ്രാന്‍സിന്റെ ലോകകപ്പ് ടീമില്‍ ഇടംപിടിക്കാതിരുന്ന 29കാരന്‍ കഴിഞ്ഞസീസണില്‍ സീരി എയില്‍ യുവന്റസിന് വേണ്ടി ഒരുമത്സരം പോലും കളിച്ചിട്ടില്ല. കഴിഞ്ഞ ഡിസംബര്‍ വരെ 2.9 മില്യണ്‍ പൗണ്ടാണ് പോഗ്ബക്ക് ക്ലബ് നല്‍കിയത്. നിലവില്‍ ഇറ്റാലിയന്‍ ലീഗില്‍ ഏറ്റവുംമോശം ഫോമിലാണ് യുവന്റസുള്ളത്. പോയന്റ് പട്ടികയില്‍ 13ാം സ്ഥാനത്തുള്ള ക്ലബ് 20 കളിയില്‍ 11 വിജയംമാത്രമാണ് സ്വന്തമാക്കിയത്.


ഏറെ പ്രതീക്ഷയോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നാണ് പോള്‍ പോഗ്ബയെ ടീമിലെത്തിച്ചത്. എന്നാല്‍ ക്ലബിന് വേണ്ടി യാതൊരു സംഭാവനയും നല്‍കാന്‍ ഫ്രഞ്ച് താരത്തിനായില്ല. പരിക്കില്‍ നിന്ന് അടുത്തൊന്നും മുക്തമാകില്ലെന്ന് വ്യക്തമായതോടെയാണ് കടുത്തതീരുമാനത്തിലേക്ക് നീങ്ങാന്‍ ക്ലബിനെ പ്രേരിപ്പിച്ചത്. വില്‍പന നടന്നില്ലെങ്കില്‍ ലോണില്‍ നല്‍കാനും ലക്ഷ്യമിടുന്നു.

2026 വരെ പോള്‍പോഗ്ബയ്ക്ക് യുവന്റസുമായി കരാറുണ്ട്. ലോകകപ്പിന് തൊട്ടുമുന്‍പാണ് കാല്‍മുട്ടിന് പരിക്കേറ്റത്. ഫ്രാന്‍സ് ലോകകപ്പ് സംഘത്തില്‍ നിന്ന് പുറത്തായ പോഗ്ബക്ക് പിന്നീട് ക്ലബ് ഫുട്‌ബോളിലേക്ക് മടങ്ങിയെത്താനുമായില്ല. നേരത്തെ യുണൈറ്റഡില്‍ കളിച്ചപ്പോഴും പരിക്ക് അലട്ടിയിരുന്നു. 2022 ഏപ്രിലിലാണ് അവസാനമായി കളത്തിലിറങ്ങിയത്. ഖത്തര്‍ ലോകകപ്പിന് തൊട്ടുമുന്‍പായി പോഗ്ബക്കെ പുറമെ എന്‍കോളോ കാന്റെ, എന്‍കുന്‍കു, കിംബെംബെ,ബെന്‍സെമെ തുടങ്ങി നിരവധി താരങ്ങള്‍ക്ക് പരിക്കേറ്റിരുന്നു. കാന്റെയും എന്‍കുന്‍കുവും ഇതുവരെ കളിക്കളത്തിലേക്ക് മടങ്ങിയെത്തിയിട്ടില്ല.

You Might Also Like