റോമയുടെ രീതികളിൽ അതൃപ്‌തി, മൗറീന്യോക്ക് വീണ്ടും ചെൽസിയെ പരിശീലിപ്പിക്കണം

ചെൽസി ഫുട്ബോൾ ക്ലബ് കണ്ട എക്കാലത്തെയും മികച്ച പരിശീലകരിൽ ഒരാളാണ് ഹോസെ മൗറീന്യോ. രണ്ടു പ്രാവശ്യം അദ്ദേഹം ചെൽസിയുടെ ചുമതല ഏറ്റെടുത്തപ്പോഴും പ്രീമിയർ ലീഗ് കിരീടം ക്ലബ്ബിലേക്ക് എത്തിയിട്ടുണ്ടായിരുന്നു. മൂന്നു പ്രീമിയർ ലീഗ് കിരീടങ്ങളടക്കം എട്ടു കിരീടങ്ങൾ അദ്ദേഹം ബ്ലൂസിനു സ്വന്തമാക്കി നൽകി. അതുകൊണ്ടു തന്നെ ചെൽസി ആരാധകരുടെ മനസ്സിൽ അദ്ദേഹത്തിന് വലിയൊരു സ്ഥാനമുണ്ട്. മൗറീന്യോ ക്ലബ്ബിലേക്ക് തിരിച്ചു വരണമെന്ന് ചെൽസി ആരാധകരിൽ പലരും ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്.

നിലവിൽ ഇറ്റാലിയൻ ക്ലബായ റോമയുടെ പരിശീലകനാണ് മൗറീന്യോ. കഴിഞ്ഞ സീസണിൽ റോമക്ക് കോൺഫറൻസ് ലീഗ് കിരീടം നേടിക്കൊടുത്ത അദ്ദേഹം ഈ സീസണിൽ ടീമിനെ ടോപ് ഫോറിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ്. തന്റെ ലക്ഷ്യങ്ങൾ ഓരോന്നായി നടപ്പാക്കുന്ന സമയത്തും റോമയിൽ അദ്ദേഹം പൂർണമായും തൃപ്തനല്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. തനിക്ക് വേണ്ട താരങ്ങളെ വാങ്ങാനുള്ള സാമ്പത്തികമായ പിന്തുണ ക്ലബ് നൽകാത്തതാണ് മൗറീന്യോയുടെ അസ്വാരസ്യത്തിനു കാരണം.

റിപ്പോർട്ടുകൾ പ്രകാരം ചെൽസിയിലേക്ക് തിരിച്ചെത്താൻ അദ്ദേഹത്തിന് ആഗ്രഹമുണ്ട്. ഭാര്യയും കുടുംബവും ലണ്ടനിൽ താമസിക്കുന്നതാണ് അദ്ദേഹം ഇംഗ്ലണ്ടിലേക്ക് വരാൻ ആഗ്രഹിക്കുന്നതിന്റ പ്രധാന കാരണം. ചെൽസി പുതിയ പരിശീലകനെ തേടുമ്പോൾ താൽപര്യമുണ്ടെങ്കിൽ അറിയിക്കണമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പുതിയ ഉടമയായ ടോഡ് ബോഹ്‍ലി താരങ്ങൾക്കായി പണം ചിലവഴിക്കാൻ മടിയില്ലാത്ത ആളാണെന്നതും മൗറീന്യോയെ ആകർഷിക്കുന്നുണ്ടാകാം.

എന്നാൽ നിലവിലെ പരിശീലകനായ ഗ്രഹാം പോട്ടറിനെ പെട്ടന്ന് മാറ്റാൻ ചെൽസി ഒരുക്കമല്ല. അദ്ദേഹത്തിന്റെ തുടക്കം ഗംഭീരമായിരുന്നെങ്കിലും പിന്നീട് താരങ്ങൾക്ക് പരിക്ക് പറ്റിയതിനാൽ ടീമിന്റെ ഫോം മോശമായിരുന്നു. ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ കൂടുതൽ താരങ്ങളെ എത്തിച്ച് ചെൽസി അദ്ദേഹത്തിന് പിന്തുണ നൽകിയിട്ടുണ്ട്. അവരെ ഉപയോഗിച്ച് മികച്ച പ്രകടനം നടത്താൻ പോട്ടർക്ക് കഴിഞ്ഞാൽ അദ്ദേഹം തന്നെ തുടരും. അതേസമയം ചെൽസി മോശം ഫോമിൽ തുടരുകയാണെങ്കിൽ മൗറീന്യോക്ക് അവസരമുണ്ട്.

You Might Also Like