എട്ടു വർഷത്തിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ഇലവനിൽ, നടത്തിയത് മാൻ ഓഫ് ദി മാച്ച് പ്രകടനം

പ്രധാന പ്രതിരോധതാരങ്ങൾക്ക് പരിക്ക് പറ്റിയതിനാൽ ഇന്നലെ ബേൺലിയുമായി നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സെന്റർ ബാക്കുകളായി കളിച്ചത് ലിൻഡ്‌ലോഫും ജോണി ഇവാൻസുമായിരുന്നു. മുപ്പത്തിയഞ്ചുകാരനായ ജോണി ഇവാൻസിനെ ഫസ്റ്റ് ഇലവനിൽ കണ്ടപ്പോൾ ആരാധകർ നെറ്റി ചുളിച്ചെങ്കിലും എട്ടു വർഷങ്ങൾക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ഇലവനിൽ ഇറങ്ങിയ മത്സരത്തിൽ ഗംഭീര പ്രകടനമാണ് താരം നടത്തിയത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വന്ന് സീനിയർ ടീമിൽ നിരവധി വർഷങ്ങൾ കളിച്ച ഇവാൻസ് അതിനു ശേഷം വെസ്റ്റ് ബ്രോം, ലൈസ്റ്റർ സിറ്റി എന്നിവർക്ക് വേണ്ടി ബൂട്ട് കെട്ടിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ അരങ്ങേറ്റം നടത്തിയതിനു ശേഷം ക്ലബിനൊപ്പം ഉണ്ടായിരുന്ന ഒൻപതു വർഷങ്ങളിൽ നിരവധി ക്ലബുകളിൽ ലോണിൽ കളിച്ച താരം അതിനു ശേഷമാണ് വെസ്റ്റ് ബ്രോമിലെത്തിയത്. പിന്നീട് ലൈസ്റ്റർ സിറ്റിയുടെ പ്രധാന താരമായിരുന്ന ഇവാന്സിനെ ഈ സമ്മറിലാണ് റെഡ് ഡെവിൾസ് തിരികെയെത്തിച്ചത്.

തന്റെ മുൻ തട്ടകത്തിലേക്കുള്ള തിരിച്ചുവരവിൽ ഗംഭീര പ്രകടനമാണ് ജോണി ഇവാൻസ് നടത്തിയത്. മത്സരത്തിന്റെ ആദ്യപകുതിയിൽ താരം നേടിയ ഗോൾ നിഷേധിക്കപ്പെട്ടെങ്കിലും അതിനു ശേഷം ബ്രൂണോ ഫെർണാണ്ടസ് നേടിയ വോളി ഗോളിന് ഒരു ലോങ്ങ് പാസിലൂടെ അസിസ്റ്റ് നൽകിയത് താരമാണ്. അതിനു പുറമെ 90 ശതമാനത്തിലധികം പാസുകൾ പൂർത്തിയാക്കിയ താരം നേരിട്ട എല്ലാ ഡുവൽസും വിജയിക്കുകയും ചെയ്‌തു.

മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഇരുനൂറാമത്തെ മത്സരമാണ് താരം കളിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു. ഈ മത്സരം തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ രാത്രിയാണ് സമ്മാനിച്ചതെന്നും ഓരോ നിമിഷവും താൻ ആസ്വദിക്കുകയായിരുന്നുവെന്നും താരം പറഞ്ഞു. മത്സരത്തിൽ ഇവാൻസ് അസിസ്റ്റ് നൽകിയ ഒരേയൊരു ഗോളിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയത്. തുടർച്ചയായ മൂന്നു തോൽവികൾക്ക് ശേഷമുള്ള ടീമിന്റെ ആദ്യത്തെ ജയം കൂടിയാണിത്.

ഇവാൻസിന്റെ മികച്ച പ്രകടനം കണക്കിലാക്കി തന്നെ തന്റെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം ബ്രൂണോ ഫെർണാണ്ടസ് താരത്തിന് കൈമാറിയിരുന്നു. മത്സരത്തിന് ശേഷം എറിക് ടെൻ ഹാഗും താരത്തെ വളരെയധികം പ്രശംസിക്കുകയുണ്ടായി. എന്തായാലും മാഞ്ചസ്റ്റർ യുണൈറ്റഡിൽ താരത്തിന് കൂടുതൽ അവസരങ്ങൾ ലഭിക്കാനുള്ള സാധ്യതയുണ്ട്.

You Might Also Like