മത്സരത്തിലെ ടേണിങ് പോയിന്റ് ആ വിക്കറ്റ്; വെളിപ്പെടുത്തലുമായി ജഡേജ

ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് മത്സരത്തിൽ 6 വിക്കറ്റുകളുടെ വമ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മൽസരത്തിലെ വഴിത്തിരിവായ നിമിഷം ഏതാണ് എന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ സ്പിന്നർ രവീന്ദ്ര ജഡേജ. കൃത്യമായ സമയത്ത് ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റ് നേടാൻ സാധിച്ചതാണ് മത്സരത്തിൽ വഴിത്തിരിവായത് എന്ന് ജഡേജ പറയുന്നു. മത്സരത്തിൽ ഓസ്ട്രേലിയക്കായി ഒരു വമ്പൻ ഇന്നിങ്സ് കെട്ടിപ്പടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു സ്റ്റീവ് സ്മിത്ത്. 46 റൺസിൽ നിൽക്കുമ്പോഴാണ് ജഡേജയുടെ അത്ഭുത ബോളിൽ സ്മിത്തിന്റെ കുറ്റിത്തെറിച്ചത്. ഇത് മത്സരത്തിൽ വലിയൊരു ടേണിങ് പോയിന്റ് ആയിരുന്നു എന്നാണ് ജഡേജയുടെ വാദം.

“എന്നെ സംബന്ധിച്ച് സ്മിത്തിന്റെ വിക്കറ്റ് ആയിരുന്നു മത്സരത്തിലെ വഴിത്തിരിവ്. സ്റ്റീവ് സ്മിത്തിനെ പോലെ ഒരു താരത്തിന്റെ വിക്കറ്റെടുക്കാൻ സാധിച്ചാൽ അവിടെ നിന്ന് കാര്യങ്ങൾ കുറച്ച്കൂടി എളുപ്പമാണ്. പുതിയൊരു ബാറ്റർക്ക് ഉടൻ തന്നെ ക്രീസിലേത്തി സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുക എന്നത് എളുപ്പമായിരുന്നില്ല. അതുകൊണ്ടാണ് ആ വിക്കറ്റ് അത്ര നിർണായകമായിരുന്നു. അവിടെമുതലാണ് ഓസ്ട്രേലിയ തകർന്നു വീണത്. സ്മിത്ത് പുറത്താവുമ്പോൾ ഓസ്ട്രേലിയ 110ന് 3 എന്ന നിലയിലായിരുന്നു. അവിടെ നിന്ന് 199 റൺസിന് ഓസ്ട്രേലിയ ഓൾഔട്ട്ആയി.”

– ജഡേജ പറയുന്നു.

സ്മിത്തിനെതീരായുള്ള തന്റെ തന്ത്രത്തെപ്പറ്റിയും ജഡേജ വിശദീകരിച്ചു. കൃത്യമായി സ്റ്റമ്പിൽ തന്നെ എറിയുക എന്ന തന്ത്രമാണ് താൻ മത്സരത്തിൽ പ്രയോഗിച്ചത് എന്നാണ് ജഡേജ പറയുന്നത്. അതിനിടെ ഒരു പന്ത് ഭാഗ്യവശാൽ അധികം ടേണ്‍ ചെയ്യുകയായിരുന്നു എന്നാണ് ജഡേജ പറയുന്നത്.

“എന്റെ തന്ത്രം വളരെ ലളിതമായിരുന്നു ഒരു ടെസ്റ്റ് മാച്ച് ബോളിംഗ് വിക്കറ്റാണ് എന്ന രീതിയിലാണ് ഞാൻ ഈ പിച്ചിനെ സമീപിച്ചത്. അതുകൊണ്ടുതന്നെ ഒരുപാട് പരീക്ഷണങ്ങൾ പിച്ചിൽ നടത്താൻ ഞാൻ ശ്രമിച്ചില്ല. കാരണം ഈ വിക്കറ്റിൽ ഒരുപാട് സംഭവങ്ങൾ നടന്നിരുന്നു. അതുകൊണ്ടുതന്നെ ഞാൻ സ്റ്റമ്പ്‌ ടു സ്റ്റമ്പ് ഏറിയാനാണ് ശ്രമിച്ചത്.”

– ജഡേജ കൂട്ടിച്ചേർത്തു.

താൻ ആദ്യ ഓവർ എറിയുന്ന സമയത്ത് ബോൾ നന്നായി സ്ലോ ചെയ്തിരുന്നു എന്ന് ജഡേജ പറയുന്നു. ഉച്ചയ്ക്കു ശേഷമുള്ള സമയമായതിനാൽ തന്നെ മൈതാനം കൂടുതൽ ചൂട് ഏറിയതായിരുന്നുവെന്നും, അതിനാൽ സ്പിന്നിന് അനുകൂലമായി മാറിയെന്നും ജഡേജ കൂട്ടിച്ചേർത്തു. ആ സാഹചര്യത്തിലാണ് താൻ സ്റ്റമ്പ് ലൈനിൽ പന്തെറിയാൻ തീരുമാനിച്ചത് . ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ചില പന്തുകൾ ടേൺ ചെയ്യുകയും ചിലത് ടെൺ ചെയ്യാതിരിക്കുകയും ഉണ്ടാവാറുണ്ട്. അതുകൊണ്ടുതന്നെ ബാറ്റർമാർക്ക് അത്ര അനായാസകരമായ പിച്ചായിരുന്നില്ല ചെന്നൈയിലേത്എന്നും ജഡേജ പറഞ്ഞു വയ്ക്കുന്നു.

You Might Also Like