ദേശീയടീമിനെതിരെ കളിച്ചതു പോലെയായിരുന്നു, ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ പരമാവധി ശ്രമിച്ചുവെന്ന് ഇവാൻ വുകോമനോവിച്ച്

ഇന്ത്യൻ സൂപ്പർ ലീഗിലെ കഴിഞ്ഞ മത്സരത്തിൽ ബെംഗളൂരു എഫ്‌സിയോട് തോൽവി വഴങ്ങിയതോടെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഷീൽഡ് സ്വന്തമാക്കാമെന്ന പ്രതീക്ഷകൾ ഏതാണ്ട് അസ്തമിച്ചിട്ടുണ്ട്. ഇനി അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ ടീമിന് ഷീൽഡ് പ്രതീക്ഷയുള്ളൂ. ഇനി പ്ലേ ഓഫിലേക്ക് മുന്നേറി ഐഎസ്എൽ കിരീടത്തിനായി പൊരുതാനുള്ള സാധ്യത മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് അവശേഷിക്കുന്നത്.

തോൽവിക്ക് ശേഷം പ്രധാന താരങ്ങളുടെ പരിക്ക് ടീമിനെ ബാധിച്ചുവെന്നാണ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് പറഞ്ഞത്. ഒന്നോ രണ്ടോ താരങ്ങൾക്കാണ് പരിക്ക് പറ്റിയതെങ്കിൽ പിന്നെയും മുന്നോട്ടു പോകാനുള്ള സാധ്യതയുണ്ടായിരുന്നുവെന്നും എന്നാൽ ഒമ്പതോളം താരങ്ങൾക്ക് പരിക്ക് പറ്റുകയും അതിൽ ലൂണ, പെപ്ര തുടങ്ങി ഏതാനും കളിക്കാർ സീസൺ മുഴുവൻ പുറത്തിരുന്നത് ബാധിച്ചുവെന്നും അദ്ദേഹം പറയുന്നു.

അതേസമയം നിലവിൽ ടീമിലുള്ള താരങ്ങൾ തങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്‌തുവെന്നാണ് ഇവാൻ വുകോമനോവിച്ച് പറയുന്നത്. അവസാനം വരെ അവർ ശ്രമം നടത്തിയെന്ന് പറഞ്ഞ ഇവാൻ ബെംഗളൂരു ഒരു ദേശീയ ടീമിനെപ്പോലെയാണ് തോന്നിയെന്നും അഭിപ്രായപ്പെട്ടു. ദേശീയടീമിലുള്ള നിരവധി താരങ്ങൾ ബെംഗളൂരു ടീമിൽ ഉണ്ടായിരുന്നതാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ അവസാന മിനിറ്റുകളിൽ നേടിയ ഗോളിൽ വിജയം നേടി ബെംഗളൂരു പോയിന്റ് ടേബിളിൽ ബ്ലാസ്റ്റേഴ്‌സിന് തൊട്ടു പിന്നിലെത്തിയിട്ടുണ്ട്. ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം ഇനിയുള്ള മത്സരങ്ങളെല്ലാം വളരെ നിർണായകമാണ്. തുടർന്നും മോശം ഫോമിലേക്ക് പോവുകയാണെങ്കിൽ ഈ സീസണിലെ പ്ലേ ഓഫ് സാധ്യതകൾ പോലും ഇല്ലാതാകുമെന്നതിൽ സംശയമില്ല.

You Might Also Like