ഈ ആരാധകർ അതർഹിക്കുന്നു, ബ്ലാസ്റ്റേഴ്‌സിന് കിരീടം നേടിക്കൊടുക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഇവാൻ വുകോമനോവിച്ച്

ഇന്ത്യൻ സൂപ്പർ ലീഗ് പത്താമത്തെ സീസണിലേക്ക് കടക്കുമ്പോൾ ആരാധകരുടെ കരുത്തിൽ ഇന്ത്യയിലെ മറ്റു ക്ലബുകൾക്കൊന്നും തൊടാൻ കഴിയാത്ത കരുത്തുമായി നിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിനുള്ള നിരാശ ഒരു കിരീടം പോലും നേടാൻ കഴിഞ്ഞിട്ടില്ലെന്നതാണ്. മൂന്നു തവണ ഫൈനലിൽ എത്താൻ കഴിഞ്ഞെങ്കിലും മൂന്നു തവണയും തോൽവി വഴങ്ങാനായിരുന്നു ടീമിനു യോഗം. കേരള ബ്ലാസ്റ്റേഴ്‌സ് ഏറ്റവുമധികം ട്രോളുകൾ ഏറ്റു വാങ്ങുന്നതും കിരീടമില്ലാത്തതിന്റെ പേരിലാണ്.

ഇവാൻ വുകോമനോവിച്ച് പരിശീലകനായി എത്തിയതിനു ശേഷം ടീമിന്റെ പ്രകടനത്തിൽ മുൻപൊന്നും ഇല്ലാത്ത തരത്തിലുള്ള ഒരു സ്ഥിരതയുണ്ടെന്ന കാര്യത്തിൽ സംശയമില്ല. ആദ്യത്തെ സീസണിൽ തന്നെ ടീമിനെ ഫൈനലിൽ എത്തിച്ച അദ്ദേഹത്തിന് കീഴിൽ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് കളിച്ചിരുന്നു. ഈ സീസണിലും മികച്ച പ്രകടനം നടത്തുന്ന ബ്ലാസ്റ്റേഴ്‌സിന് ഒരു കിരീടം സ്വന്തമാക്കി നൽകുക തന്റെ പ്രധാന ലക്ഷ്യമാണെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

“ഐഎസ്എല്ലിലെ എല്ലാവരുടെയും ആഗ്രഹം ട്രോഫി നേടണമെന്നാണ്. ഞങ്ങൾ അതിനെക്കുറിച്ച് സ്വപ്‌നം കാണുന്നു, അത് ആഗ്രഹിക്കുന്നു, അതിനായി കഠിനാധ്വാനം ചെയ്യുന്നു എന്നത് ഞങ്ങൾക്ക് വലിയ പ്രചോദനം നൽകുന്ന ഒന്നാണ്. ഈ ആരാധകർ എല്ലാ സീസണിലും കിരീടസാധ്യത അർഹിക്കുന്നു. നമ്മൾ കഴിവിന്റെ പരമാവധി ചെയ്യുന്നുണ്ട്, കൊച്ചിയിലേക്ക് കിരീടം കൊണ്ടുവരാനും ആ ആവേശം അനുഭവിക്കാനും ഞങ്ങൾ കഴിവിന്റെ പരമാവധി ചെയ്യും.” ഇവാൻ മാധ്യമങ്ങളോട് പറഞ്ഞു.

ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന ബ്ലാസ്റ്റേഴ്‌സ് ഏഴു മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ അതിൽ ഒരെണ്ണത്തിൽ മാത്രമാണ് തോൽവി വഴങ്ങിയത്. അഞ്ചു മത്സരങ്ങളിലും വിജയം നേടിയ ബ്ലാസ്റ്റേഴ്‌സിന്റെ നാല് വിജയങ്ങൾ സ്വന്തം മൈതാനത്താണ്. അതുകൊണ്ടാണ് സ്വന്തം മൈതാനത്ത് ചെന്നൈയിൻ എഫ്‌സിക്കെതിരെ ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്‌സിന് കൂടുതൽ പ്രതീക്ഷയുള്ളതും. ഇന്നത്തെ മത്സരം വിജയിച്ചാൽ ബ്ലാസ്റ്റേഴ്‌സ് വീണ്ടും ലീഗിൽ ഒന്നാം സ്ഥാനത്തെത്തും.

You Might Also Like