യൂറോപ്യൻ ക്ലബിനെ തഴഞ്ഞ് ബ്ലാസ്റ്റേഴ്‌സിലെത്തിയ ഇഷാൻ പണ്ഡിറ്റ, വമ്പൻ വെളിപ്പെടുത്തൽ

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ വളരെയധികം ആവേശത്തോടെ സ്വീകരിച്ച ഒരു താരമായിരുന്നു ഇഷാൻ പണ്ഡിറ്റ. നിലവിൽ ഐഎസ്എല്ലിൽ കളിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യൻ സ്‌ട്രൈക്കർമാരിൽ മികച്ച താരങ്ങളിൽ ഒരാളായ ഇഷാൻ പണ്ഡിറ്റ ജംഷഡ്‌പൂർ എഫ്‌സിയിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വന്നത്. ദിമിത്രിസ്, പെപ്ര എന്നീ താരങ്ങൾ സ്ട്രൈർക്കർമാരായി ഉള്ളതിനാൽ ഇഷാൻ പണ്ഡിറ്റക്ക് ടീമിൽ അവസരങ്ങൾ വളരെ കുറവാണ്.

ഇപ്പോൾ താരം ബ്ലാസ്റ്റേഴ്‌സിൽ എത്തുന്നതിനു മുൻപ് വന്ന ഒരു വമ്പൻ ഓഫറിനെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ടൈംസ് ഓഫ് ഇന്ത്യയുടെ ജേർണലിസ്റ്റായ മാർക്കസ് മെർഗുലാവോ. ഈ സീസണിൽ ഐ ലീഗിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ വാരണാസി കേന്ദ്രീകരിച്ചുള്ള ഫുട്ബോൾ ക്ലബായ ഇന്റർ കാശിയാണ് താരത്തിനായി ശ്രമം നടത്തിയത്. മികച്ച ഓഫറാണ് ഇഷാൻ പണ്ഡിറ്റക്കു മുന്നിൽ അവർ വെച്ചത്.

റിപ്പോർട്ടുകൾ പ്രകാരം ഇന്റർ കാശിയിൽ നിന്നും യൂറോപ്യൻ ഫുട്ബോളിൽ എത്താനുള്ള അവസരം ഇഷാൻ പണ്ഡിറ്റക്ക് ഉണ്ടായിരുന്നു. ഐ ലീഗിലെ ഈ സീസണിൽ പന്ത്രണ്ടു ഗോളുകൾ താരം നേടിയാൽ സ്പെയിനിന്റെ അടുത്തുള്ള രാജ്യമായ അണ്ഡോറയിലെ ടോപ് ടയർ ടീമായ ഇന്റർ ഡി എസ്കെലെഡ്‌സിൽ കളിക്കാനുള്ള അവസരം താരത്തിന് ഉണ്ടായിരുന്നു. എന്നാൽ ഇഷാൻ പണ്ഡിറ്റ ആ ഓഫർ വേണ്ടെന്നു വെക്കുകയായിരുന്നു.

തന്റെ യൂത്ത് കരിയറിൽ സ്പെയിനിലെ നിരവധി ടീമുകൾക്കായി കളിച്ചിട്ടുള്ള ഇഷാൻ പണ്ഡിറ്റ പ്രൊഫെഷണൽ കരിയർ ആരംഭിക്കുന്നതും സ്പെയിനിൽ തന്നെയാണ്. എന്നാൽ വീണ്ടും അവിടേക്ക് പോകാനുള്ള അവസരം ലഭിച്ചപ്പോൾ അത് തഴഞ്ഞത് ബ്ലാസ്റ്റേഴ്‌സ് ടീമിൽ കളിക്കാനുള്ള ആഗ്രഹം കൊണ്ടു തന്നെയാണെന്ന് വ്യക്തമാണ്. നിലവിൽ അവസരങ്ങൾ കുറവാണെങ്കിലും താരം തിളങ്ങുമെന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.

You Might Also Like