അടുത്ത കപിലാകുമെന്ന് കരുതിയ ആളാണ്, എന്നാല്‍ അയാള്‍ പൂര്‍ണ്ണനായ ഇര്‍ഫാന്‍ പോലുമായില്ല

സന്ദീപ് ദാസ്

ഇര്‍ഫാന്‍ പത്താന്റെ ഹാട്രിക് പ്രകടനത്തിന് 15 വയസ്സ് പൂര്‍ത്തിയായിരിക്കുന്നു. അതിനേക്കാള്‍ കൂടുതല്‍ ആഘോഷിക്കപ്പെട്ട മറ്റൊരു ഹാട്രിക് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉണ്ടായിട്ടില്ലെന്ന് നിസ്സംശയം പറയാം.

2006ലെ ഇന്ത്യ-പാക്കിസ്ഥാന്‍ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലാണ് ഇര്‍ഫാന്‍ ഹാട്രിക് നേടിയത്. ആദ്യ രണ്ടു ടെസ്റ്റുകളും വിരസമായ സമനിലയില്‍ അവസാനിക്കുകയായിരുന്നു. ഫ്‌ലാറ്റ് പിച്ചുകള്‍ ഒരുക്കിയതിന്റെ പേരില്‍ ആതിഥേയരായ പാക്കിസ്ഥാന്‍ അത്യാവശ്യം പഴി കേള്‍ക്കുകയും ചെയ്തു.

കറാച്ചിയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ പച്ചപ്പട അതിനുള്ള പ്രായശ്ചിത്തം ചെയ്തു. ബോളര്‍മാരെ നല്ലതുപോലെ തുണയ്ക്കുന്ന പ്രതലമാണ് കറാച്ചിയില്‍ ഉണ്ടായിരുന്നത്. ആ പിച്ച് മുതലെടുക്കാനുള്ള ശേഷി ഇന്ത്യന്‍ ടീമിനില്ല എന്നാണ് പാക്കിസ്ഥാന്‍ കരുതിയത്.
ഇര്‍ഫാന്‍ പത്താനെപ്പോലുള്ള ബോളര്‍മാര്‍ പാക്കിസ്ഥാന്റെ എല്ലാ തെരുവുകളിലും ഉണ്ട് എന്നാണ് മുന്‍ പാക് നായകന്‍ ജാവേദ് മിയാന്‍ദാദ് അഭിപ്രായപ്പെട്ടത്!

എല്ലാവര്‍ക്കുമുള്ള മറുപടി ഇര്‍ഫാന്‍ സ്‌റ്റൈലായിത്തന്നെ നല്‍കി. കറാച്ചി ടെസ്റ്റിന്റെ ആദ്യ ഓവറില്‍ ഹാട്രിക്! സല്‍മാന്‍ ബട്ട്,യുനീസ് ഖാന്‍,മൊഹമ്മദ് യൂസഫ് എന്നിവരായിരുന്നു ഇരകള്‍.

ലൈന്‍,ലെങ്ത്ത്,സ്വിംഗ് എന്നീ ആയുധങ്ങളുടെ പ്രദര്‍ശനം. സ്വന്തം മരുന്നിന്റെ രുചി പാക്കിസ്ഥാനികള്‍ അറിഞ്ഞു.

ഇര്‍ഫാന്റെ ഹാട്രിക് പാക്കിസ്ഥാനെ 39/6 എന്ന ദയനീയാവസ്ഥയിലേക്കാണ് തള്ളിയിട്ടത്. എന്നാല്‍ കളിയുടെ ഫലം വിചിത്രമായിരുന്നു. ഇന്ത്യ 341 റണ്ണുകള്‍ക്ക് തോറ്റു! ക്രിക്കറ്റിന്റെ അപ്രവചനീയതയുടെ ഏറ്റവും മികച്ച ഉദാഹരണം!

അടുത്ത കപില്‍ ദേവ് ആകുമെന്ന് പ്രതീക്ഷിച്ച താരമായിരുന്നു ഇര്‍ഫാന്‍. പക്ഷേ അയാള്‍ പൂര്‍ണ്ണനായ ഇര്‍ഫാന്‍ പത്താന്‍ പോലുമായില്ല. എന്താണ് ഇര്‍ഫാന് സംഭവിച്ചത്?

ഇര്‍ഫാന്റെ വീഴ്ച്ച ഗ്രെഗ് ചാപ്പലിന്റെ സംഭാവനയാണെന്ന് ഭൂരിപക്ഷം പേരും വിശ്വസിക്കുന്നു. ഇര്‍ഫാന്‍ തന്നെയാണ് കുറ്റക്കാരന്‍ എന്ന് മറുഭാഗം വാദിക്കുന്നു. ചിലര്‍ എം.എസ് ധോനിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു.

എന്തായാലും ഇര്‍ഫാന്റെ വീഴ്ച്ച ക്രിക്കറ്റിന്റെ നഷ്ടമായിരുന്നു…

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

You Might Also Like