സഞ്ജു പുറത്തുണ്ട്, പന്ത് ടീമില്‍ നിന്നും പുറത്താകുന്ന കാലം വിദൂരമല്ല, ഇര്‍ഫാന്‍ പത്താന്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയില്‍ മോശം ഫോം തുടരുന്ന ഇന്ത്യന്‍ നായകന്‍ റിഷഭ് പന്തിന് മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ഇന്ത്യയ്ക്കായി ഇനിയും മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കില്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തുന്നത് പന്തിനെ സംബന്ധിച്ച് ബുദ്ധിമുട്ടായിരിക്കുമെന്ന് പത്താന്‍ തുറന്ന് പറയുന്നു.

വിക്കറ്റ് കീപ്പറെന്ന നിലയില്‍ അവസരം കാത്ത് ഇഷാന്‍ കിഷനും ദിനേഷ് കാര്‍ത്തിക്കും അകത്തും, സഞ്ജു സാംസണ്‍ പുറത്തുമുണ്ടെന്നും പത്താന്‍ റിഷഭ് പന്തിന് മുന്നറിയിപ്പ് നല്‍കുന്നു.

‘പരമ്പരയില്‍ പന്തിന് ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല. നിലവില്‍ പന്ത് ടീമിന്റെ ക്യാപ്റ്റനാണെന്നത് ശരിതന്നെ. പക്ഷേ, മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കില്‍ ടീമിലെ സ്ഥാനം തന്നെ നഷ്ടമാകുന്ന കാലം വിദൂരമല്ല’ പത്താന്‍ മുന്നറിയിപ്പ് നല്‍കി.

‘ഇപ്പോള്‍ത്തന്നെ വിക്കറ്റ് കീപ്പര്‍മാരായ ഇഷാന്‍ കിഷനും ദിനേഷ് കാര്‍ത്തിക്കും പ്ലേയിങ് ഇലവനിലുണ്ട്. സഞ്ജു സാംസണ്‍ അവസരം കാത്ത് പുറത്തിരിക്കുന്നു. വിക്കറ്റ് കീപ്പറാകാനും കഴിവുള്ള കെ.എല്‍.രാഹുലും ടീമിലെ സ്ഥിരാംഗമാണ്. രാഹുല്‍ ഏറ്റവും മികച്ച താരമാണെന്നാണ് എന്റെ അഭിപ്രായം. ടീമില്‍ ഇടംപിടിക്കാന്‍ കടുത്ത മത്സരമാണ് നടക്കുന്നത്. മോശം ഫോമില്‍ അധിക കാലം ടീമില്‍ തുടരാനാകില്ല’ പത്താന്‍ പറഞ്ഞു.

”ടി20 പന്തിന്റെ സ്വതസിദ്ധമായ ശൈലിക്ക് ഏറ്റവും യോജിച്ച ഫോര്‍മാറ്റ് തന്നെയാണ്. അക്കാര്യത്തില്‍ തര്‍ക്കമില്ല. റിഷഭ് പന്ത് ക്രിക്കറ്റ് ലോകത്തെ സൂപ്പര്‍താരമാണെന്ന കാര്യത്തിലും തര്‍ക്കമില്ല. ഇപ്പോഴും അദ്ദേഹത്തിനു പ്രായം 24 മാത്രമാണ്. അടുത്ത 10 വര്‍ഷത്തേക്ക് കളി തുടരാനായാല്‍ അദ്ദേഹം വളരെ മികച്ച താരമായി മാറും. പക്ഷേ, അതിനൊത്ത പ്രകടനം ഇപ്പോള്‍ പുറത്തുവരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം’ പത്താന്‍ പറഞ്ഞ് നിര്‍ത്തി.

പരമ്പരയില്‍ കെ.എല്‍.രാഹുലിന്റെ അഭാവത്തില്‍ നായകസ്ഥാനം ലഭിച്ച പന്ത്, ബാറ്ററെന്ന നിലയില്‍ തീര്‍ത്തും മോശം ഫോമിലാണ്. 29, 5, 6 എന്നിങ്ങനെയാണ് പരമ്പരയില്‍ ഇതുവരെ നടന്ന മൂന്നു കളികളില്‍ പന്തിന്റെ പ്രകടനം.

You Might Also Like