വിദേശ താരങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നു, ഐപിഎല്ലില്‍ നിര്‍ണ്ണായക മാറ്റം വരുന്നു
ഐപിഎല്ലില്‍ പ്ലേയിംഗ് ഇലവനില്‍ വിദേശ താരങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് സംഘാടകര്‍ ആലോചിക്കുന്നു. നാലില്‍ നിന്ന് അഞ്ചിലേക്കാണ് താരങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്. ഐപിഎല്‍ ടീമുകളുടെ എണ്ണം അടുത്ത സീസണോടെ പത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി കൂടിയാണ് ഈ മാറ്റവും.
നിലവില്‍ എട്ട് വിദേശ താരങ്ങളെയാണ് ഓരോ ഫ്രാഞ്ചൈസിക്കും ടീമിലെടുക്കാനാവുക. എന്നാല്‍ നാല് വിദേശ താരങ്ങള്‍ മാത്രം പ്ലേയിങ് ഇലവനില്‍ എന്ന നിബന്ധന ക്വാളിറ്റി ടീമിനെ ഇറക്കുന്നതിന് തടസമാവുന്നതായി ഫ്രാഞ്ചൈസികള്‍ വാദിക്കുന്നു. ഐപിഎല്‍ ടീമുകളുടെ എണ്ണം പത്തിലേക്ക് എത്തുമ്പോള്‍ ക്വാളിറ്റി ഇന്ത്യന്‍ താരങ്ങളെ ലഭിക്കുക പ്രയാസമാകുമെന്ന വാദവും ഉയരുന്നു.
നിലവില്‍ ഓരോ ഫ്രാഞ്ചൈസിയിലും യോഗ്യരായിട്ടും കളിക്കാന്‍ സാധിക്കാതെ നില്‍ക്കുന്ന താരങ്ങളുണ്ട്. പ്ലേയിങ് ഇലവനില്‍ നാല് വിദേശ താരങ്ങള്‍ എന്ന നിബന്ധനയെ തുടര്‍ന്നാണ് ഇത്. ഒരു വിദേശ താരത്തെ കൂടി ചേര്‍ക്കാന്‍ സാധിക്കുമ്പോള്‍ ടീം ബാലന്‍സ് കണ്ടെത്തുന്നതിനും പ്രയോജനപ്പെടുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു.
ആദ്യം ഒരു പുതിയ ടീമിനെ കൂടി ഐപിഎല്ലില്‍ ഉള്‍പ്പെടുത്തുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അഹമ്മദാബാദ് ആസ്ഥാനമായി ടീം വരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ പത്താം ഐപിഎല്‍ ടീം ഉണ്ടാകും എന്നും അഭ്യൂങ്ങള്‍ ശക്തമാവുന്നു. ഇതോടെ ഈ ടീം കേരളത്തില്‍ നിന്നാകുമെന്ന സൂചനയും പുറത്ത് വരുന്നുണ്ട്.