ഹര്‍ഭജന്‍ ഇത്തവണയും ഐപിഎല്‍ കളിയ്ക്കും, കരുണിനും ഐപിഎല്‍ കോള്‍

ഐപിഎല്‍ 14ാം സീസണില്‍ മുതിര്‍ന്ന താരം ഹര്‍ഭജന്‍ സിംഗിനെ സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ചെന്നൈ ഒഴിവാക്കിയ ഹര്‍ഭജന്‍ ആദ്യ റൗണ്ടില്‍ അണ്‍സോള്‍ഡ് ആയെങ്കിലും രണ്ടാം റൗണ്ടില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കുകയായിരുന്നു. രണ്ട് കോടി രൂപയ്ക്കാണ് ഹര്‍ഭജന്‍ കൊല്‍ക്കത്തയിലെത്തിയത്.

ഇന്ത്യയിലെ സാഹചര്യങ്ങള്‍ ഹര്‍ഭജനോളം പരിചയമുള്ള മറ്റൊരു സ്പിന്‍ ബൗളറും നിലവിലില്ല. അതിനാല്‍ത്തന്നെ ഹര്‍ഭജന്റെ സാന്നിധ്യം കെകെആറിന് കരുത്താവും. വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്ന് അവസാന സീസണില്‍ ഹര്‍ഭജന്‍ കളിച്ചിരുന്നില്ല.

പഞ്ചാബ് ഒഴിവാക്കിയ കരുണ്‍ നായരെയും 50 ലക്ഷം രൂപയ്ക്ക് കെകെആര്‍ ടീമിലെത്തിച്ചു. അവസാന സീസണില്‍ താരം നിരാശപ്പെടുത്തിയിരുന്നു. സാം ബില്ലിങ്സിനെ അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്ക്ക് ഡല്‍ഹി സ്വന്തമാക്കി. മധ്യനിരയിലും ടോപ് ഓഡറിലും തിളങ്ങാന്‍ മികവുള്ള താരമാണ് അദ്ദേഹം.

മുജീബുര്‍ റഹ്മാനെ സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിലെത്തിച്ചു. 1.5 കോടി രൂപയ്ക്കാണ് ഹൈദരാബാദ് അഫ്ഗാന്‍ താരത്തെ സ്വന്തമാക്കിയത്. ഇതോടെ അഫ്ഗാന്‍ താരങ്ങളായ റാഷിദ് ഖാനും മുജീബുര്‍ റഹ്മാനും ഒരുമിച്ച് കളിക്കാനുള്ള അവസരം ഒരുങ്ങിയിരിക്കുകയാണ്.

കേദര്‍ ജാദവിനെ സണ്‍റൈസസ് ഹൈദരാബാദും സ്വന്തമാക്കി, അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്ക്കാണ് സണ്‍റൈസസ് ഹൈദരാബാദ് കേദര്‍ ജാദവിനെ സ്വന്തമാക്കിയത്. ആദ്യ റൗണ്ടില്‍ ആരും വാങ്ങാതിരുന്ന കേദാറിനെ രണ്ടാം റൗണ്ടില്‍ ഹൈദരാബാദ് സ്വന്തമാക്കുകയായിരുന്നു.

You Might Also Like