എന്താണ് തീരുമാനം?, ഒടുവില്‍ ആ ചോദ്യത്തിന് ഉത്തരം നല്‍കി ധോണി

ഐപിഎല്‍ 16ാം സീസണ്‍ ഫൈനലിലെത്തുന്ന ആദ്യ ടീമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മാറിയ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. ഇതിഹാസ താരം എംഎസ് ധോണി നയിക്കുന്ന ടീം എന്ന പ്രത്യേകതയുളള ചെന്നൈ ഐപിഎല്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത് ആരേയും വിസ്മയിപ്പിക്കുന്ന കുതിപ്പുമായാണ്.

എന്നാല്‍ ചെന്നൈ നായകന്‍ എംഎസ് ധോണിയുടെ അവസാന ഐപിഎല്ലായിരിക്കുമോ ഇതെന്ന ആശങ്കയും ആരാധകര്‍ക്കുണ്ട്. ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒടുവില്‍ ധോണി.. ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്ത്തി പത്താം ഫൈനലിലേക്ക് ടീമിനെ നയിച്ചശേഷമാണ് ധോണി വിരമിക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയത്.

മത്സരശേഷം ഇനി ചെന്നൈയില്‍ വീണ്ടും കളിക്കാനെത്തുമോ എന്ന ഹര്‍ഷ ഭോഗ്ലെയുടെ ചോദ്യത്തിന് അക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ തനിക്ക് മുന്നില്‍ ധാരാളം സമയമുണ്ടെന്നും ഇപ്പോഴെ എന്തിനാണ് അതിനെക്കുറിച്ചോര്‍ത്ത് തലവേദന എടുക്കുന്നതെന്നും ധോണി പറഞ്ഞു.

‘സത്യസന്ധമായി പറഞ്ഞാല്‍ എനിക്കറിയില്ല. ഡിസംബറിലാണ് അടുത്ത ഐപിഎല്‍ മിനി താരലേലം തുടങ്ങുന്നത്. അതിന് ഇനിയും എട്ടോ ഒമ്പതോ മാസമുണ്ട്. അതിന് മുമ്പ് തീരുമാനമെടുത്താല്‍ മതി’ ധോണി പറഞ്ഞു.

‘കളിക്കാരനായിട്ടായാലും കാഴ്ചക്കാരനായിട്ടാണെങ്കിലും എല്ലായ്‌പ്പോഴും ചെന്നൈക്ക് ഒപ്പമുണ്ടാകും. ഇപ്പോള്‍ തന്നെ മൂന്നോ നാലോ മാസമായി വീട്ടില്‍ നിന്ന് പോന്നിട്ട്. ജനുവരി അവസാനമാണ് ഞാനെന്റെ ജോലിയെല്ലാം തീര്‍ത്ത് വീട്ടില്‍ നിന്ന് ഇറങ്ങിയത്. മാര്‍ച്ച് രണ്ടാം വാരമോ മൂന്നാം വാരമോ ആണ് പരിശീലനം തുടങ്ങിയത്. അതുകൊണ്ടു തന്നെ അടുത്ത സീസണിലും കളിക്കുമോ എന്ന കാര്യത്തില്‍ തീരുമാനെമെടുക്കാന്‍ ഇനിയും ഇഷ്ടംപോലെ സമയമുണ്ട്-ധോണി പറഞ്ഞു.

ഇത്തവണ ധോണിയുടെ അവസാന ഐപിഎല്ലാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ചെന്നൈ കളിക്കുന്ന ഗ്രൗണ്ടുകളിലെല്ലാം ധോണിക്ക് ആരാധകരില്‍ നിന്ന് വന്‍പിന്തുണയാണ് ലഭിച്ചത്. ചെന്നൈയില്‍ സ്വന്തം കാണിള്‍ക്ക് മുമ്പില്‍ കളിച്ച് വിരമിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് കഴിഞ്ഞ സീസണില്‍ ധോണി വ്യക്തമാക്കിയിരുന്നു.

You Might Also Like