തെവാത്തിയുടെ നെഞ്ച് തകര്‍ത്ത് സെയ്‌നി, മറുപടി അവിശ്വസനീയം!

Image 3
CricketIPL

കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ രാഹുല്‍ തെവാട്ടിയ പുറത്തെടുത്ത പ്രകടനം ആരാധകര്‍ ഇപ്പോഴും മറന്നിട്ടില്ല. കൊല്‍ക്കത്തക്കെതിരായ അടുത്ത മത്സരത്തില്‍ തിളങ്ങാനായില്ലെങ്കിലും വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ തെവാട്ടിയ വീണ്ടും ആരാധകരുടെ ഹൃദയം കവര്‍ന്നു.

ബാംഗ്ലൂരിനായി നവദീപ് സെയ്‌നി എറിഞ്ഞ ഇരുപതാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങള്‍. ആദ്യ പന്ത് നേരിട്ട ജോഫ്ര ആര്‍ച്ചര്‍ സിംഗിളെടുത്ത് സ്‌ട്രൈക്ക് തെവാട്ടിയക്ക് കൈമാറി. അടുത്തപന്തില്‍ സെയ്‌നിയെ ഓഫ് സ്റ്റംപിന് പുറത്തേക്ക് മാറി സ്‌കൂപ്പ് ചെയ്യാനായിരുന്നു തെവാട്ടിയയുടെ ശ്രമം.

എന്നാല്‍ 140 കിലോ മീറ്റര്‍ വേഗതയില്‍ നെഞ്ചിനൊപ്പം ഉയര്‍ന്നുവന്ന പന്ത് നേരെ കൊണ്ടത് തെവാട്ടിയയുടെ നെഞ്ചത്തായിരുന്നു. പന്തുകൊണ്ടത് വേദനകൊണ്ട് പുളഞ്ഞ് തിവാട്ടിയ നിലത്തുവീണു.

സെയ്‌നി ഓടിയെത്തി ആശങ്കയുടെ നിമിഷങ്ങള്‍ക്കൊടുവില്‍ തെവാട്ടിയ എഴുന്നേറ്റു. ഫിസിയോ എത്തി പരിശോധിച്ചശേഷം വീണ്ടും ബാറ്റിംഗ് ക്രീസിലെത്തിയ തെവാട്ടിയ സെയ്‌നിയുടെ അടുത്ത രണ്ട് പന്തും സ്‌ക്വയര്‍ ലെഗ്ഗിലേക്ക് സിക്‌സിന് പറത്തിയാണ് മറുപടി നല്‍കിയത്.

ഇതില്‍ ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ ഫുള്‍ട്ടോസ് തെവാട്ടിയ സ്‌ക്വയര്‍ ലെഗ്ഗിലേക്ക് സിക്‌സര്‍ പറത്തുന്നത് കണ്ട് ബാംഗ്ലൂര്‍ താരങ്ങള്‍പോലും അതിശയിച്ചു.