ഐപിഎല്ലില്‍ വഴിത്തിരിവ്, നടത്താന്‍ തയ്യാറാണെന്ന് ഈ വിദേശ രാജ്യം
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അനിശ്ചിത്തിലായതോടെ എങ്ങനെ നടത്തണമെന്ന് തലപുകയ്ക്കുകയാണ് ബിസിസിഐ. ഇതിനിടെ വഴിത്തിരിവാകുന്ന വാഗ്ദാനവുമായി ശ്രീലങ്കന്‍ ക്രിക്കറ്റ് മേധാവി ഷമി സില്‍വ രംഗത്ത് വന്നിരിക്കുകയാണ്. ഐപിഎല്‍ ആതിഥേയത്വം വഹിക്കാന്‍ ശ്രീലങ്ക തയ്യാറാണെന്നാണ് സില്‍വയുടെ വാഗ്ദാനം..
ഇന്ത്യയിലെ കൊറോണ വ്യാപനം നിയന്ത്രിതമാകും മുമ്പേ ശ്രീലങ്കയില്‍ നിയന്ത്രിക്കാനാകുമെന്നും അതിനാല്‍ ഐപിഎല്‍ ലങ്കയില്‍ നടത്താമെന്നുമാണ് സില്‍വ പറയുന്നത്. ഇതുസംബന്ധിച്ച് ബിസിസിഐയ്ക്ക് കത്തെഴുതുമെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ ക്രിക്കറ്റ് ലോകത്ത് ഇക്കാര്യം സജീവ ചര്‍ച്ചയാകുകയാണ്. ഇന്ത്യയുടെ അയല്‍ രാജ്യമായതിനാല്‍ തന്നെ ഐപിഎല്‍ ലങ്കയില്‍ നടത്തുന്നത് ഏറെ ഗുണകരമാകുമെന്നും ആരാധകര്‍ക്കും ഫ്രാഞ്ചസികള്‍ക്കും അനുഗ്രഹമാകുമെന്നും ഒരു വിഭാഗം ആരാധകര്‍ നിരീക്ഷിക്കുന്നു.
നേരത്തെ മാര്‍ച്ച് 29നാണ് ഐപിഎല്‍ തുടങ്ങേണ്ടിയിരുന്നത്. എന്നാല്‍ കൊറോണ വ്യാപനം മൂലം ഏപ്രില്‍ 15ലേക്ക് ഐപിഎല്‍ മാറ്റുകയായിരുന്നു. പക്ഷെ ലോക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയതിനാല്‍ ഐപിഎല്‍ അനിശ്ചിതമായി നീട്ടിവെച്ചിരിക്കുകയാണ്