ധോണിപ്പകയില്‍ നിന്ന് രക്ഷപ്പെടാന്‍ താഹിര്‍, റെയ്‌നയ്ക്ക് പകരം രഹാന

ഐപിഎല്ലിന്റെ 13ാം സീസണ്‍ പകുതി പൂര്‍ത്തിയായതോടെ വീണ്ടും ട്രാന്‍സ്ഫര്‍ ജാലകം തുറന്നു. ഇനി അവസരം ലഭിക്കാത്ത താരങ്ങള്‍ക്ക് മറ്റ് ടീമുകളിലേക്ക് ചേക്കേറാന്‍ കഴിയും. വായ്പയിലൂടെയായിരിക്കും ഈ താരകൈമാറ്റം. ടീമുകളുടെ പോരായിമകള്‍ പരിഹരിക്കാന്‍ മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ ജാലകം ഉപയോഗിക്കാം.

കഴിഞ്ഞ സീസണിലായിരുന്നു ബിസിസിഐ മിഡ് സീസണ്‍ ട്രാന്‍സ്ഫറെന്ന ആശയത്തിനു തുടക്കം കുറിച്ചത്. കഴിഞ്ഞ തവണ ഒരു മല്‍സരം പോലും കളിച്ചിട്ടില്ലാത്ത താരങ്ങളെ മാത്രമേ ട്രാന്‍സ്ഫറിനു അനുദിച്ചിരുന്നുള്ളൂ. എന്നാല്‍ ഇത്തവണ തന്റെ ഫ്രാഞ്ചൈസിക്കായി രണ്ടിലധികം മല്‍സരങ്ങള്‍ കളിച്ചിട്ടില്ലാത്ത ഏതു താരത്തിനും കൂടുമാറാന്‍ കഴിയും. അഞ്ചു ദിവസമായിരിക്കും മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ ജാലകം തുറന്നിരിക്കുക. ഈ കാലയളവില്‍ ഫ്രാഞ്ചൈസികള്‍ക്കു താരങ്ങളെ വാങ്ങാനും വായ്പയില്‍ കൈമാറാനുമാവും.

താരത്തിന്റെ മൂല്യത്തെ സംബന്ധിച്ച് ആദ്യം ഇരു ഫ്രാഞ്ചൈസികളും തമ്മില്‍ ധാരണയിലെത്തണം. താരവുമായി കരാര്‍ ഒപ്പുവച്ച് ഏഴു ദിവസത്തിനകം ലോണ്‍ ഫീസിന്റെ പകുതി കൈമാറണം. ശേഷിച്ച തുക ഫൈനലിന്റെ ഏഴു ദിവസം മുമ്പും നല്‍കേണ്ടതുണ്ട്.

അതെസമയം വായ്പയില്‍ ഒരു താരത്തെ ഒരു ഫ്രാഞ്ചൈസി വാങ്ങിയാല്‍ തന്റെ മാതൃ ടീമിനെതിരേയുള്ള മല്‍സരത്തില്‍ കളിക്കാന്‍ ഈ താരത്തിന് അനുമതിയുണ്ടാവില്ല.

ചെന്നൈ സൂപ്പര്‍ കിങ്സില്‍ ഈ സീസണില്‍ ഒരു മല്‍സരം പോലും കളിച്ചിട്ടില്ലാത്ത ദക്ഷിണാഫ്രിക്കയുടെ വെറ്ററന്‍ പേസര്‍ ഇമ്രാന്‍ താഹിറിനെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് വാങ്ങിയേക്കും എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ സീസണില്‍ 26 വിക്കറ്റുകളുമായി പര്‍പ്പിള്‍ ക്യാപ്പ് കൈകക്കലാക്കിയ താരമാണ് അദ്ദേഹം. പരിക്കു കാരണം ഇന്ത്യയുടെ വെറ്ററന്‍ സ്പിന്നര്‍ അമിത് മിശ്ര ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറിയതിനാല്‍ പകരം താഹിറിനെ ഡല്‍ഹി കൊണ്ടുവരാന്‍ ശ്രമിച്ചേക്കും.

അതെസമയം ഡല്‍ഹിയില്‍ നിന്ന് അജിങ്ക്യ രഹാനെയെ ചെന്നൈ സൂപ്പര്‍ കിങ്സ് വായ്പയില്‍ വാങ്ങിയേക്കും. താഹിറിനെ ഡല്‍ഹിക്കു വിട്ടുകൊടുത്ത് പകരം രഹാനെയെ ഈ സീസണ്‍ അവസാനിക്കുന്നതു വരെ സിഎസ്‌കെ കൊണ്ടുവരാന്‍ തയ്യാറായേക്കുമെന്നാണ് വിവരം.

കിംഗ്‌സ് ഇലവന്‍ പഞ്ചാബില്‍ ഇതുവരെ അവസരം ലഭിക്കാത്ത ദീപക് ഹൂഡ, മുംബൈ ഇന്ത്യന്‍സില്‍ കാഴ്ചക്കാരനായി ഒതുങ്ങേണ്ടി വന്ന ഓസ്ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ക്രിസ് ലിന്‍, കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയില്‍ എന്നിവരും ട്രാന്‍സ്ഫര്‍ ജാലകം ഉപയോഗപ്പെടുത്തി മറ്റ് ടീമുകളില്‍ എത്തിയേക്കും.

You Might Also Like