എബിഡി ഗര്‍ജിച്ചാല്‍ പിന്നെന്ത് കാര്യം, അവസാന ഓവറില്‍ സിക്‌സ് പൂരം, മത്സരം പിടിച്ചെടുത്ത് ബംഗളൂരു

എബി ഡിവില്ലേഴ്‌സ് എന്ന സൂപ്പര്‍മാന്‍ അസാമാന്യ പ്രകടനം ഒരിക്കല്‍ കൂടി പുറത്തെടുത്തോപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 178 റണ്‍സ് എന്ന ലക്ഷ്യം രണ്ട് പന്ത് ബാക്കി നില്‍ക്കെ ആര്‍.സി.ബി മറികടക്കുകയായിരുന്നു.

വെറും 22 പന്തില്‍ ഒരു ഫോറും ആറ് സിക്‌സും അടക്കം പുറത്താകാതെ 55 റണ്‍സെടുത്ത ഡിവില്ലേഴ്‌സാണ് ബംഗളൂരുവിന്റെ വിജയശില്‍പി. നാലാമനായി ഇറങ്ങി 19ാം ഓവറില്‍ ഡിവില്ലേഴ്സ് നേടിയ മൂന്ന് സിക്‌സുകളാണ് മത്സരത്തില്‍ നിര്‍ണായകമായത്.

ക്യാപ്റ്റന്‍ കോഹ്ലി 32 പന്തില്‍ 43 റണ്‍സെടുത്ത് പുറത്തായി. ആരോണ്‍ ഫിഞ്ച് (14), ദേവ്ദത്ത് പടിക്കല്‍ (35), ഗുര്‍കീരത്ത് സിംഗ് (19*) എന്നിങ്ങനെയായിരുന്നു മറ്റ് ബംഗളുരു ബാറ്റ്‌സ്മാന്‍മാരുടെ സംഭാവന.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് 6 വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് എടുത്തത്. 22 പന്തില്‍ 41 റണ്‍സ് എടുത്ത റോബിന്‍ ഉത്തപ്പയുടെയും 57 റണ്‍സ് എടുത്ത സ്റ്റീവ് സ്മിത്തിന്റേയും മികച്ച പ്രകടനവുമാണ് രാജസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സഞ്ജു സാംസണ്‍ ഒന്‍പത് റണ്‍സെടുത്ത് പുറത്തായി.

You Might Also Like