എംഎൽഎസ് ഇനി മെസി ലീഗായി മാറും, വമ്പൻ താരനിരയുമായി ഇന്റർ മിയാമി നാളെ കളത്തിൽ

ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടമുയർത്തിയതിനു പിന്നാലെ ലയണൽ മെസി അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറിയത് എംഎൽഎസിനു നൽകിയ പ്രസിദ്ധി ചെറുതല്ല. സീസണിന്റെ പകുതിയിലാണ് ലയണൽ മെസി ഇന്റർ മിയാമിയിൽ എത്തിയത്. അതിനു ശേഷം ഇന്റർ മിയാമിക്ക് ലീഗ്‌സ് കപ്പ് വിജയത്തിലൂടെ ആദ്യത്തെ കിരീടം സ്വന്തമാക്കി നൽകാൻ താരത്തിനായി.

പരിക്കിന്റെ പ്രശ്‌നങ്ങൾ കാരണം ലയണൽ മെസി പല മത്സരങ്ങളിലും പുറത്തിരുന്നത് എംഎൽഎസിൽ ടീമിന്റെ പ്രകടനത്തെ ബാധിച്ചിരുന്നു. പ്ലേ ഓഫിന് പോലും യോഗ്യത നേടാതിരുന്ന ടീം പക്ഷെ ഇത്തവണ ഐഎസ്എൽ സീസണിനായി ഒരുങ്ങുന്നത് കിരീടം ലക്‌ഷ്യം വെച്ച് തന്നെയാണ്. നാളെ ഇന്റർ മിയാമിയുടെ മത്സരത്തോടെയാണ് പുതിയ എംഎൽഎസ് സീസൺ തുടങ്ങുന്നത്.

സാൾട്ട് ലേക്ക് എഫ്‌സിയുമായാണ് ഇന്റർ മിയാമിയുടെ ആദ്യത്തെ മത്സരം. പ്രീ സീസണിൽ എട്ടു മത്സരങ്ങൾ കളിച്ച ഇന്റർ മിയാമി അതിൽ ഒരെണ്ണത്തിൽ മാത്രമാണ് വിജയം സ്വന്തമാക്കിയത്. അതുകൊണ്ടു തന്നെ സീസണിലെ ആദ്യത്തെ മത്സരത്തിൽ വിജയത്തോടെ തുടങ്ങിയാൽ മാത്രമേ അവർക്ക് ആത്മവിശ്വാസം നേടാനും ഫോം തെളിയിക്കാനും കഴിയുകയുള്ളൂ.

കഴിഞ്ഞ സീസണിൽ ജോർഡി ആൽബ, ബുസ്‌ക്വറ്റ്സ് എന്നിവർ ലയണൽ മെസിക്കൊപ്പം ഇന്റർ മിയാമിയിൽ എത്തിയെങ്കിൽ ഈ സീസണിൽ ലൂയിസ് സുവാരസാണ് ഇന്റർ മിയാമിയിൽ ചേർന്ന പ്രധാന താരം. ഇതുവരെ മികവ് പുറത്തെടുക്കാൻ കഴിയാത്ത താരങ്ങൾക്കും ടീമിനും നാളെ അത് കാണിച്ചേ മതിയാകൂ. ഈ സീസണിൽ മെസിക്കും സംഘത്തിനും ചിലത് തെളിയിക്കാനുണ്ട്.

You Might Also Like